ക്രൈസ്റ്റ് ചര്‍ച്ച്(ന്യൂസിലന്‍ഡ്): 'ഞങ്ങളെല്ലാവരും ചെറിയ പള്ളിയിലായിരുന്നു. പ്രാർത്ഥനക്കുള്ള തയാറെടുപ്പിലായിരുന്നു. പെട്ടന്ന് തോക്ക് ധാരിയായ ഒരാള്‍ മുന്നിലേയ്ക്ക് വരികയും വെടിയുതിര്‍ക്കുകയും ചെയ്യുമ്പോള്‍, നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാകും. പിന്നെ ഒരു വികാരവുമുണ്ടാകില്ല. പക്ഷേ നല്ലവനായ ആ മനുഷ്യന്‍ വെടിവെയുതിര്‍ത്തുകൊണ്ടിരുന്നയാളെ വട്ടംപിടിച്ചു. അയാള്‍ തോക്ക് താഴെ വെയ്ക്കുന്നതുവരെ അയാളെ മുറുകെ പിടിച്ചിരിക്കുകയായിരുന്നു അയാള്‍'-ഫൈസല്‍ സെയിദ് പറയുകയാണ്.
മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 49 പേരാണ് ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളിലായി കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഇന്ത്യക്കാരനായ ഫൈസലിന് പറയാനുള്ളത് അവിടെ രക്ഷകനായി എത്തിയ ആളെക്കുറിച്ചായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി ന്യൂസിലന്‍ഡില്‍ താമസിക്കുന്ന മുംബൈ സ്വദേശിയായ ഫൈസല്‍ ആ സംഭവത്തെ ഓര്‍ത്തെടുക്കുകയായിരുന്നു.
ആ സമയത്ത് അയാള്‍ അങ്ങനെ പ്രവര്‍ത്തിച്ചില്ലായിരുന്നൂവെങ്കില്‍ ഇനിയും ഒരുപാട് പേര്‍ കൊല്ലപ്പെടുമായിരുന്നു. ഞാന്‍ ഇന്ന് ഇപ്പോള്‍ നിങ്ങളോടൊപ്പം ഇങ്ങനെ നില്‍ക്കുകയില്ലായിരുന്നു. എന്റെ ഉറ്റ സുഹൃത്തുക്കള്‍ ഇപ്പോഴും ആശുപത്രിയിലാണ്. രക്ഷകനായെത്തിയ അയാളെ ഞാന്‍ ഇപ്പോള്‍ നന്ദിയോടെ ഓര്‍ക്കുകയാണ്. തീര്‍ച്ചയായും അയാളെ കണ്ടെത്തും-ഫൈസല്‍ പറയുന്നു.
ഇങ്ങനെയൊക്കെ സംഭവിച്ചൂവെങ്കിലും തനിക്ക് ന്യൂസിലന്‍ഡിനോട് ഇപ്പോഴും ഇഷ്ടക്കുറവൊന്നുമില്ല. ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് ഇവിടം. ഓരൊറ്റ സംഭവത്തിന്റെ പേരില്‍ ഈ നാടിനെ കുറ്റപ്പെടുത്താന്‍ ആഗ്രഹമില്ല. - ഫൈസല്‍ പറയുന്നു.
കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയന്‍ വംശജരായ നാലുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കാറുകളിലായി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്.
ആക്ഷന്‍ ക്യാമറയായ ഗോപ്രോ തൊപ്പിയില്‍ ഘടിപ്പിച്ചാണ് അക്രമി വെടിവെപ്പ് നടത്തിയത്. ഇടനാഴികകളിലൂടെ ചെന്ന് തുരുതുരെ വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ ദയയേതുമില്ലാതെ വെടിവെച്ചിടുന്നതും ദൃശ്യങ്ങളില്‍ കാണാം. വെല്‍കം ടു ഹെല്‍(നരകത്തിലേക്ക് സ്വാഗതം) എന്ന് തോക്കില്‍ വെളുത്ത മഷി കൊണ്ട് എഴുതിയിട്ടുണ്ട്. 17 മിനുട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. ട്വിറ്റര്‍, വാട്സാപ്പ്, യൂട്യൂബ് വഴി ദൃശ്യങ്ങള്‍ പ്രചരിക്കുകയാണ്.
Content Highlights: Man Grabbed New Zealand Shooter Saved Us All Survivor Telling