ദമാസ്കസ്: സിറിയയിലെ പൗരാണിക നഗരമായ പാല്‍മിറയില്‍ ഐ എസും റഷ്യന്‍ സൈന്യവും തമ്മിലുള്ള യുദ്ധം മുറുകുന്നു. ഐ എസിന്റെ കയ്യില്‍ നിന്ന് റഷ്യന്‍ വ്യോമ സേന പാല്‍മിറ വീണ്ടും തിരിച്ചു പിടിച്ചു എന്ന വാർത്ത ഞായറാഴ്ച്ച ഉച്ചയോടെ പുറത്തു വന്നിരുന്നെങ്കിലും മേഖലയില്‍ ഐ എസ് വീണ്ടും പിടിമുറുക്കി എന്നാണ് വാര്‍ത്താ ഏജന്‍സികള്‍ തരുന്ന പുതിയ വിവരങ്ങള്‍.
കഴിഞ്ഞ മാര്‍ച്ചില്‍ ഭീകരരെ തുരത്തി നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു. ഒന്‍പത് മാസത്തിനുശേഷമാണ് ഭീകരര്‍ വീണ്ടും പല്‍മിറയില്‍ പ്രവേശിക്കുന്നത്. അലപ്പോ നഗരത്തില്‍നിന്ന് ഭീകരരെ തുരത്താന്‍ കടുത്ത പരിശ്രമം നടത്തുന്നതിനിടെയായിരുന്നു ശനിയാഴ്ച്ച സിറിയന്‍ സൈന്യത്തിന് പാല്‍മിറയില്‍ അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടിവന്നത്.
എന്നാല്‍ റഷ്യയുടെ വ്യോമാക്രമണത്തിലൂടെ ഐ എസിനെ തുരത്തിയെന്ന വാര്‍ത്ത ഞായറാഴ്ച്ച പകല്‍ പുറത്തു വന്നെങ്കിലും സിറിയന്‍ സേനയുടെ നിയന്ത്രണത്തില്‍ നിന്ന് പാല്‍മിറ ഐ എസ് തിരിച്ചു പിടിച്ചു എന്നാണ് ഏറ്റവും പുതിയ വിവരം.
റഷ്യയുടെ ബോംബാക്രമണം ഞായറാഴ്ച്ച ഐ എസിനെ പ്രതിരോധത്തിലാക്കിയെങ്കിലും യുദ്ധം തുടരുകയാണ്. ആസ്പത്രികള്‍ അടക്കമുള്ളവയുടെ നിയന്ത്രണം ഭീകരര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭീകരരും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Share this Article