ദുബായ്: ഒരു തിമിംഗലം ഛര്‍ദിച്ചപ്പോള്‍ ലോട്ടറിയടിച്ചത് മൂന്ന് ഒമാനി മത്സ്യത്തൊഴിലാളികള്‍ക്ക്. ഒമാനിലെ കുറയത്ത് കടല്‍മേഖലയിലെ ഖാലിദ് അല്‍ സിനാനിയടക്കമുള്ള മൂന്നുപേരാണ് തിമിംഗലം ഛര്‍ദിച്ചതോടെ കോടിപതികളായത്.
ഇത്രയും വിലപിടിപ്പുള്ള എന്താണ് തിമിംഗലത്തിന്റെ വയറ്റിലുള്ളതെന്നല്ലെ ... വിപണിയില്‍ സ്വര്‍ണ്ണത്തോളം വിലമതിക്കുന്ന ആമ്പര്‍ഗ്രിസ് എന്ന വസ്തുവാണ് തിമിംഗലം ഛര്‍ദിച്ചത്. 80 കിലോയോളം ആമ്പര്‍ഗ്രിസാണ് മത്സ്യബന്ധനത്തിനിടെ ഖാലിദിനും കൂട്ടുകാര്‍ക്കും ലഭിച്ചത്. ഇതിന് വിപണിയില്‍ 25 ലക്ഷം ഡോളര്‍ വിലവരും. രൂപയില്‍ പറഞ്ഞാല്‍ 16 കോടി 58 ലക്ഷത്തിലധികം വരുമിത്.
സ്പേം തിമിംഗലങ്ങളുടെ വയറ്റിലുണ്ടാകുന്ന തവിട്ടുനിറമുള്ള മെഴുകുപോലുള്ള വസ്തുവാണ് ആമ്പര്‍ഗ്രിസ്. തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദിച്ച് കളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്.
ലഭിച്ച വസ്തു ഇപ്പോള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അത് വിദഗ്ധരെ വരുത്തി ആമ്പര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പു വരുത്തിയതായും ആമ്പിഗ്രിസ് വിറ്റ് പണം ലഭിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് ഇറങ്ങാനാണ് ആഗ്രഹമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പെട്ടിയില്‍ സൂക്ഷിച്ചിരിക്കുന്ന ആമ്പിഗ്രിസ് ഉണക്കിയ ശേഷം ചെറുതാക്കി മുറിച്ച് വില്‍ക്കാനുള്ള ഒരുക്കത്തിലാണ് ഖാലിദും കൂട്ടുകാരും.