ബോവ വിസ്ത: വടക്കന്‍ ബ്രസീലിലെ ജയിലില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 25ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടു. റോറൈമ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ബോവ വിസ്തയിലെ അഗ്രികോല ഡി മോണ്‍ഡേ ക്രിസ്‌റ്റോ ജയിലില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
ഇരുവിഭാഗം തടവുകാര്‍ തമ്മില്‍ കത്തികളും കല്ലുകളും മരത്തടികളുമുപയോഗിച്ചാണ് പരസ്പരം ആക്രമണം നടത്തിയത്. എട്ടു പേരെ തലയറുത്തും ആറുപേരെ തീവെച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ നിരവധി തടവുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ജയിലിലെ സന്ദര്‍ശന സമയത്താണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന്, സന്ദര്‍ശകരായി എത്തിയിരുന്ന തടുവുകാരുടെ ബന്ധുക്കളെ കലാപകാരികള്‍ തടവുകാരായി പിടിച്ചുവെച്ചു. പിന്നീട് പോലീസ് നടപടിയിലൂടെ ഇവരെ മോചിപ്പിക്കുകയായിരുന്നു.
നിറഞ്ഞു കവിഞ്ഞ ജയിലുകളാണ് ബ്രസീലിലുള്ളത്. വളരെ പരിതാപകരമായ സ്ഥിതിയാണ് ജയിലുകളിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും ഈ ജയിലുകളില്‍ ഏറ്റുമുട്ടലുകളും കലാപങ്ങളും ജയില്‍ ചാട്ടങ്ങളും പതിവാണ്. അമേരിക്ക, ചൈന, റഷ്യ എന്നിവ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് ബ്രസീല്‍.
Share this Article
Related Topics