തായ് ബുദ്ധ ക്ഷേത്രത്തില്‍ നിന്ന് 40 കടുവ കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തി


1 min read
Read later
Print
Share

കടുവകളുടെ ശരീര ഭാഗങ്ങള്‍ ചൈനീസ് മരുന്നുകളുടെ നിര്‍മാണത്തിന് ഇവിടെ നിന്ന് കയറ്റി അയക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ബാങ്കോക്ക്: കടുവകളെ വളര്‍ത്തുന്നതിലൂടെ ശ്രദ്ധനേടിയ തായ് ബുദ്ധ ക്ഷേത്രത്തിലെ ഫ്രീസറില്‍ നിന്ന് 41 കടുവ കുഞ്ഞുങ്ങളുടെ മൃത ശരീരം കണ്ടെത്തി. വന്യജീവികളെ കടത്തുന്നതുമായി ബദ്ധപ്പെട്ട് ബുദ്ധക്ഷേത്രം നിരവധി ആരോപണങ്ങള്‍ക്ക് വിധേയമായിരുന്നു. ഇതെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷകരും ക്ഷേത്രത്തില്‍ നിന്ന് കടുവകളെ തിങ്കളാഴ്ച മുതല്‍ ഒഴിപ്പിക്കുകയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും വനംവകുപ്പ് ഉദ്യോഗസ്ഥരുമടക്കം ആയിരത്തോളം പേരുടെ ശ്രമഫലമായാണ് കടുവകളെ ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് മാറ്റിയത്.

അധികൃതര്‍ക്കൊപ്പം എത്തിയ മാധ്യമ പ്രവര്‍ത്തകരാണ്‌ ഫ്രീസറില്‍ നിന്നെടുത്തു തറയില്‍ നിരത്തിവച്ചിരിക്കുന്ന 40 ലധികം കടുവകുട്ടികളുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. പാടിഞ്ഞാറന്‍ തായ്‌ലന്‍ഡിലെ കാഞ്ചനാബുരിയില്‍ സ്ഥിതി ചെയ്യുന്ന ഈ ബുദ്ധ ക്ഷേത്രത്തില്‍ കടുവകള്‍ക്ക് പാലു കൊടുക്കാനും അവയ്‌ക്കൊപ്പം ചിത്രം എടുക്കാനും നിരവധി സഞ്ചാരികളാണ് എത്തിയിരുന്നത്. കടുവകളുമായി ഇടപഴകാന്‍ സന്ദര്‍ശകര്‍ ധാരാളം പണം ഇവിടെ മുടക്കിയിരുന്നു.

ഇവിടുത്ത പ്രവര്‍ത്തനത്തെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വന്നത്. കടുവകളുടെ ശരീര ഭാഗങ്ങള്‍ ചൈനീസ് മരുന്നുകളുടെ നിര്‍മാണത്തിന് ഇവിടെ നിന്ന് കയറ്റി അയക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. കടുവ കുട്ടികളെ ഫ്രീസറില്‍ സൂക്ഷിച്ചത് അവ ചത്തതിനു ശേഷം മാത്രമാണെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

2001 മുതല്‍ ക്ഷേത്രത്തില്‍ നിന്ന് കടുവകളെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. വളരെ വര്‍ഷങ്ങളായി കടുവകളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്ഷേത്രം കാണാനെത്തുന്ന ലക്ഷക്കണക്കിന് വിനോദസഞ്ചാരികളും അതുവഴി ലഭിക്കുന്ന വരുമാനവും ഏറ്റെടുക്കല്‍ നടപടിയില്‍ നിന്ന് അധികൃതരെ പിന്തിരിപ്പിച്ചിരുന്നു.

കടുവകളെ ഏറ്റെടുക്കാനായി സഹകരിക്കണമെന്ന് ക്ഷേത്രഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ സഹകരിച്ചില്ലെന്നും ഒടുവില്‍ കോടതി ഉത്തരവുമായാണ് കടുവകളെ ഏറ്റെടുക്കുന്നതെന്നും ദേശീയോദ്യാന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram