സോള്‍: പുതുവത്സര ദിനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താക്കീതുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുമെന്നുള്ള ട്രംപിന്റെ പ്രഖ്യാപനം നടപ്പിലാക്കാന്‍ അമേരിക്ക തയ്യാറാകണമെന്നാണ് കിമ്മിന്റെ ആവശ്യം. അല്ലാത്ത പക്ഷം പ്രതിജ്ഞയില്‍ നിന്ന് തങ്ങള്‍ പിന്‍മാറുമെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ നോക്കുമെന്നും കിം വ്യക്തമാക്കി.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സിംഗപ്പൂരില്‍ വെച്ച് കിം ജോങ് ഉന്നും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തിത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ കൂടിക്കാഴ്ച ഏറെ വിജയകരമാണെന്നായിരുന്നു ഇരുവരുടേയും പ്രതികരണം. ചര്‍ച്ചയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപില്‍ ആണവ നിരായുധീകരണം നടപ്പിലാക്കാനും തീരുമാനമായിരുന്നു. എന്നാല്‍ ചര്‍ച്ച കഴിഞ്ഞ് ഇത്ര നാളുകളായിട്ടും ഇക്കാര്യങ്ങളില്‍ കാര്യമായി പുരോഗമനമുണ്ടായിരുന്നില്ല.
ഭാവിയിലും ഏത് സമയത്തും അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താനും അന്തര്‍ദേശീയസമൂഹം ഒന്നാകെ അംഗീകരിക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും താന്‍ സന്നദ്ധനാണെന്നും കിം കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയിലെ ദേശിയ ടെലിവിഷന്‍ ചാനലില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം.
content highlights: Kim Jong Un's New Year Warning to Donald Trump