സോള്‍; ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പീക്തു പര്‍വ്വതപ്രദേശത്തുകൂടി കുതിരസവാരി നടത്തിയതായി റിപ്പോര്‍ട്ട്. ഭാര്യ റി സോള്‍ ജുവും ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. മഞ്ഞുപുതഞ്ഞ പര്‍വ്വതച്ചെരിവുകളിലൂടെ കിം ജോങ് ഉന്നും സംഘവും വെള്ളക്കുതിരപ്പുറത്ത് സഞ്ചരിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനൊപ്പം അമേരിക്കയ്ക്ക് മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനവും ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
അമേരിക്ക സൈനികശക്തിയെ ആശ്രയിച്ച് മുന്നോട്ടുപോവുകയാണെങ്കില്‍ ഉടനടി തക്കതായ നടപടി ഉണ്ടാകുമെന്ന് ഉത്തരകൊറിയ ബുധനാഴ്ച പറഞ്ഞു. ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ മാസത്തോടെ അവസാനിക്കെ, അമേരിക്കന്‍ ഉപരോധം തുടരുന്ന സാഹചര്യത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.
കൂടാതെ, ഉന്നത ഭരണകക്ഷി നേതാക്കളുടെ ഒരു യോഗം ഈ മാസം ചേരുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവും ഇതൊടൊപ്പം പുറത്തുവന്നിട്ടുണ്ട്. അമേരിക്കയ്ക്കുള്ള തങ്ങളുടെ 'ക്രിസ്മസ് സമ്മാനം' ഉടന്‍ വരുന്നുണ്ടെന്നും ഉത്തര കൊറിയ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയ്ക്കുള്ള സമ്മാനം എന്ന് വിശേഷിപ്പിച്ചായിരുന്നു 2017ല്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ ആദ്യ പരീക്ഷണം ഉത്തര കൊറിയ നടത്തിയത്. ഈ സാഹചര്യത്തിലാണ് കിം ജോങ് ഉന്നിന്റെ പീക്തു പര്‍വ്വതത്തിലേയ്ക്കുള്ള യാത്ര ശ്രദ്ധേയമാകുന്നത്.
കിമ്മും പീക്തുവും പിന്നെ കുതിരസവാരിയും
ഒരു രാഷ്ട്രത്തലവന്‍ പര്‍വ്വതപ്രദേശത്ത് കുതിരസവാരി നടത്തുന്നതില്‍ എന്താണിത്ര സവിശേഷത? ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പീക്തു, കൊറിയക്കാരെ സംബന്ധിച്ചിടത്തോളം വിശുദ്ധ പര്‍വ്വതമായാണ് കരുതുന്നത്.
ഈ പര്‍വ്വതത്തിലൂടെ കുടുംബ ചിഹ്നമായ വെള്ളക്കുതിരപ്പുറത്ത് നടത്തുന്ന യാത്ര കിം ജോങ് ഉന്നിനെ സംബന്ധിച്ച് പ്രതീകാത്മക സ്വഭാവമുള്ളതാണ്. സുപ്രധാനമായ എന്തെങ്കിലും പ്രഖ്യാപനമോ വെളിപ്പെടുത്തലോ ഉണ്ടാവുന്നതിനു മുന്നോടിയായാണ് കിം ജോങ് ഉന്‍ വിശുദ്ധപര്‍വതത്തില്‍ വെള്ളക്കുതിരപ്പുറത്ത് എത്തുന്നതെന്നാണ് കരുതപ്പെടുന്നത്.
ഒക്ടോബര്‍ മാസത്തിലും കിം ജോങ് ഉന്‍ പീക്തു സന്ദര്‍ശിച്ചിരുന്നു. ഇതിനോടനുബന്ധിച്ചാണ് മുങ്ങിക്കപ്പലില്‍നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായുള്ള വിവരം ഉത്തരകൊറിയ പുറത്തുവിട്ടത്.
അമേരിക്കയ്ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലായിരുന്നു ഈ മിസൈല്‍ പരീക്ഷണവും അതിന്റെ പ്രഖ്യാപനവും. ഈ സാഹചര്യത്തിലാണ് ഉത്തരകൊറിയന്‍ ഏകാധിപതി വീണ്ടും മലകയറുമ്പോള്‍ ഇനിയെന്ത് ഭീഷണിയാണ് ലോകത്തിനായി കാത്തുവെച്ചിരിക്കുന്നതെന്ന ആശങ്കയും ആകാംഷയും ഉയരുന്നത്.
Content Highlights: Kim Jong Un rides again as North Korea warns US against using military force