വാഷിങ്ടണ്‍: ആണവപരീക്ഷണത്തിന്റെ പേരില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക് യുദ്ധം തുടങ്ങിയിട്ട് നാളേറെയായി. മൂര്‍ച്ചയുള്ള വാക്കുകളാണ് ട്രംപിന്റെയും കിം ജോങ് ഉന്നിന്റെയും ആയുധങ്ങള്‍. കഴിഞ്ഞ ദിവസം കിമ്മിനെ ട്രംപ് 'റോക്കറ്റ് മാന്‍' എന്നാണ് കളിയാക്കി വിശേഷിപ്പിച്ചത്. ഇക്കുറി കിം ജോങ് ഉന്‍ ട്രംപിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത് 'ഡോട്ടര്‍ഡ്'(dotard) എന്ന ഇംഗ്ലീഷ് വാക്കു കൊണ്ടായിരുന്നു.
മുമ്പെങ്ങും അത്ര കേട്ട് പരിചയമില്ലാതിരുന്ന വാക്കായതു കൊണ്ട് ഡോട്ടര്‍ഡ് എന്ന വാക്കുകേട്ട് ആളുകള്‍ ഞെട്ടി. പിന്നെ അര്‍ഥം തേടിയുള്ള പാച്ചിലായി. പ്രായാധിക്യം കൊണ്ടുണ്ടാകുന്ന ബുദ്ധിമാന്ദ്യം എന്നാണ് ഡോട്ടര്‍ഡിന്റെ അര്‍ഥം. പ്രശസ്ത ഓണ്‍ലൈന്‍ നിഘണ്ടുവായ മറിയം വെബ്സ്റ്ററിലെ ഇന്നലത്തെ ട്രെന്‍ഡിങ് വാക്കായിരുന്നു ഡോട്ടര്‍ഡ്. അത്രയധികം ആളുകളാണ് വാക്കിന്റെ അര്‍ഥം തിരഞ്ഞത്.
ഷേക്‌സ്പിയറിന്റെ കൃതികളിലും ഡോട്ടര്‍ഡ് എന്ന വാക്കിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പത്തു തവണയാണത്രെ 1980 മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് ഈ പദം ഉപയോഗിച്ചിട്ടുള്ളത്. കലയുമായി ബന്ധപ്പെട്ട ലേഖനങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളതും. എന്തായാലും ഡോട്ടര്‍ഡ് എന്ന പദത്തെ വീണ്ടും സജീവമാക്കാന്‍ കിമ്മിന് ഒരൊറ്റ പ്രയോഗത്തിലൂടെ സാധിച്ചു.
മുമ്പ് covfefe എന്ന വാക് പ്രയോഗത്തിലൂടെ ട്രംപും ആളുകളെ ഞെട്ടിച്ചിരുന്നു. ട്വീറ്റിലായിരുന്നു ഈ വാക്ക് ഉപയോഗിച്ചത്. എന്താണിതിന്റെ അര്‍ഥം എന്ന് തിരഞ്ഞെങ്കിലും പ്രത്യേകിച്ച് അര്‍ഥമില്ലെന്നും ടൈപ്പ് ചെയ്യുന്നതിനിടെ തെറ്റിയതാകാമെന്ന നിഗമനത്തിലെത്തുകയുമായിരുന്നു. എന്തായാലും ഡോട്ടര്‍ഡ് പ്രയോഗത്തിന് ട്രംപ് മറുപടിയും നല്‍കി. മാഡ്മാന്‍ എന്നായിരുന്നു കിമ്മിനെ ട്രംപ് വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലും ഡോട്ടര്‍ഡുമായി ബന്ധപ്പെട്ട് തമാശ ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.