ദുബൈ: സൗദി അറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണി. തഹ്‌റാനില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് സൗദി അറേബ്യയ്‌ക്കെതിരായി ആക്രമണഭീഷണി മുഴക്കിയിരിക്കുന്നത്.
തെഹ്‌റാനിലെ ഭീകരാക്രമണത്തിന് മുന്നെ ചിത്രീകരിച്ചതെന്ന് കരുതുന്ന ഒരു വീഡിയോയിലൂടെയാണ് ഐഎസ് ഭീഷണി മുഴക്കുന്നത്. മുഖംമൂടി ധരിച്ച അഞ്ച് ഭീകരരാണ് വീഡിയോയിലുള്ളത്. തങ്ങളുടെ 'ഊഴം' വരുമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോയില്‍ ഷിയാകള്‍ക്കെതിരെയും സൗദി അറേബ്യന്‍ സര്‍ക്കാരിനെതിരെയും കടുത്ത ഭീഷണി മുഴക്കുന്നു. സൗദി അറേബ്യയോട് നിങ്ങളുടെ വീടുകളില്‍ വന്ന് ആക്രമണം നടത്തുമെന്നാണ് ഭീഷണി. അനുയായികളോട് തങ്ങളുടെ പാത പിന്‍തുടരാനുള്ള ആഹ്വാനവും ഭീകരര്‍ വീഡിയോയിലൂടെ നല്‍കുന്നുണ്ട്.
ബുധനാഴ്ച ഇറാന്‍ പാര്‍ലമെന്റിലും ആയത്തൊള്ള ഖൊമേനിയുടെ സ്മാരകത്തിലും നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. ഇറാനിലെ ഷിയ വിഭാഗങ്ങള്‍ക്കെതിരെ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കിയിട്ടുണ്ട്.
ഭീകരര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ പിരിമുറുക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയ്‌ക്കെതിരായ ഐഎസിന്റെ ഭീഷണിയെന്നത് ശ്രദ്ധേയമാണ്. സൗദി അറേബ്യയിലെ അമേരിക്കന്‍ പൗരന്‍മാരോട് ജാഗ്രത പാലിക്കാന്‍ അമേരിക്കന്‍ എംബസി അധികൃതര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.
Share this Article
Related Topics