ഇസ്‌ലാമാബാദ്: ഭീകരവാദികളെകൊണ്ട് പൊറുതി മുട്ടിയ പാകിസ്താന് ഭീഷണിയായി ഇസ്ലാമിക സ്റ്റേറ്റ് ഭീകരരും രാജ്യത്ത് ശക്തിപ്രാപിക്കുന്നു. പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് സ്റ്റഡീസാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ ഐഎസ് ഭീകര്‍ ആറോളം വലിയ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ നടത്തിയ സ്ഫോടനങ്ങളില്‍ 153 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
സിന്ധ്, ബലുചിസ്താന്‍ പ്രവിശ്യകളിലാണ് ഐഎസ് ഭീകരര്‍ക്ക് സ്വാധീനമുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ് ഭീകരാക്രമണങ്ങളാണ് ഇവര്‍ നടത്തിയിട്ടുള്ളതെങ്കിലും ഏറ്റവും മാരകാമായവയായിരുന്നു അവയെല്ലാം. പശ്ചിമേഷ്യയുടെ ഭാവിതന്നെ മാറ്റിമറിച്ച രീതിയില്‍ വിദേശ ഭീകരര്‍ പാകിസ്താനില്‍ ആക്രമണം നടത്താന്‍ എത്തിയേക്കാമെന്നും പീസ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരവാദികളെ ഉന്മൂലനം ചെയ്യാന്‍ ദേശീയ തലത്തില്‍ കര്‍മപദ്ധതി വേണമെന്നും ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പാര്‍ലമെന്റിന്റെ മേല്‍നോട്ടം ഉണ്ടാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 2017 പാകിസ്താനില്‍ നടന്നത് 370 ഭീകരാക്രമണങ്ങളാണ്. പാകിസ്താനിലെ 64 ജില്ലകളിലാണ് ആക്രമണങ്ങള്‍ നടന്നത്. ഇന്ത്യ, അഫ്ഗാനിസ്താന്‍, ഇറാന്‍ അതിര്‍ത്തികളോട് ചേര്‍ന്ന സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങളില്‍ 131 ശതമാനം വര്‍ധന ഉണ്ടായി. അതേസമയം 524 ഭീകരവാദികളെയാണ് പാകിസ്താന്‍ ഏറ്റുമുട്ടലില്‍ വധിച്ചത്.
Islamic State, Pakistan, Terrorism