വാഷിങ്ടൺ: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സൂചന. യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തില്‍ ഒരു ട്വീറ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.
സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ബാഗ്ദാദി ശരീരത്തില്‍ സ്‌ഫോടക വസ്തു വെച്ചു കെട്ടി മരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിഎന്‍എ ബയോമെട്രിക് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമേ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവൂ. അതിനിനിയും സമയമെടുക്കും.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഞായറാഴ്ച 9മണിക്ക്(ഇന്ത്യൻ സമയം ആറ് മണി) വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്‌ലി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയാണ്. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐഎസ്‌ഐയുടെ നേതാവാകുന്നത്. പിന്നീട് അല്‍ഖ്വെയ്ദയെ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടോ എന്ന കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാകുമെന്നാണ് കരുതുന്നത്.
content highlights: ISIS Chief Baghdadi believed to be Killed in US Military Raid in Syria