ബെര്‍ലിന്‍: ഭീകരസംഘടനയായ ഐ എസിന്റെ കൈവശം വ്യക്തിഗതവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത 11000 ത്തോളം സിറിയന്‍ ശൂന്യപാസ്‌പോര്‍ട്ടുകളുണ്ടെന്ന്(ബ്ലാങ്ക് പാസ്‌പോര്‍ട്ട്)ജര്‍മന്‍ പ്രതിവാര പത്രം ബൈല്‍ഡ് ആം സോന്‍ടാഗിന്റെ റിപ്പോര്‍ട്ട്. ജര്‍മന്‍ അധികൃതരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ രേഖപ്പെടുത്താത്തവ ആയതിനാല്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം.
ഇവയില്‍ ആരുടെ വിവരങ്ങള്‍ വേണമെങ്കിലും ഏതു സമയത്തും രേഖപ്പെടുത്താന്‍ സാധിക്കും. അതുകൊണ്ടു തന്നെ ഇവ ആള്‍മാറാട്ടത്തിന് ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിലുള്ള ബ്ലാങ്ക് പാസ്‌പോര്‍ട്ടുകള്‍ ആരംഭിക്കുന്ന സീരിയല്‍ നമ്പറുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫെഡറല്‍ പോലീസ് അറിയിച്ചു. സിറിയയുടെ ഗവണ്‍മെന്റ് സൈറ്റില്‍നിന്നാണ് 18000 ല്‍ അധികം ബ്ലാങ്ക് പാസ്‌പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ഇതില്‍ 11000 ല്‍ അധികവും ഐ എസിന്റെ പക്കലാണുള്ളത്. ബാക്കിയുള്ളവ മറ്റു പല ഗ്രൂപ്പുകളുടെയും കൈവശമാണുള്ളത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും ജര്‍മനിയിലേക്കും അഭയാര്‍ഥികളെന്ന വ്യാജേന നുഴഞ്ഞുകയറാന്‍ ഭീകരവാദികളും അക്രമണകാരികളും ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചേക്കാന്‍ ഇടയുണ്ടെന്ന് ബി കെ എ ഫെഡറല്‍ ക്രിമിനല്‍ പോലീസ് വിലയിരുത്തുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
130 പേരുടെ മരണത്തിനിടയാക്കിയ പാരീസ് ആക്രമണം നടത്തിയവര്‍ വ്യാജ സിറിയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചാണെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2016 ല്‍ എണ്ണായിരത്തിലധികം വ്യാജപാസ്‌പോര്‍ട്ടുകള്‍ ജര്‍മന്‍ അധികൃതര്‍ കണ്ടെത്തിയിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.