വാഷിങ്ടണ്‍: കരീബിയന്‍ ദ്വീപുകളില്‍ നാശം വിതച്ച് അമേരിക്കന്‍ തീരം ലക്ഷ്യമാക്കിയെത്തുന്ന ഇര്‍മ ചുഴലിക്കാറ്റ് ഭീതിയില്‍ ഫ്‌ളോറിഡ. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ നാശനഷ്ടങ്ങള്‍ക്കാകും ഇര്‍മ വഴിവയ്ക്കുക എന്നാണ് കരുതുന്നത്. ഫ്‌ലോറിഡയില്‍ കനത്തമഴയ്ക്കും ഇര്‍മ കാരണമാകും. ഇര്‍മയില്‍നിന്ന് രക്ഷതേടാന്‍ ആയിരക്കണക്കിന് ആളുകളാണ് ഫ്‌ളോറിഡയില്‍നിന്ന് പലായനം ചെയ്യുന്നത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അധികൃതരും ഇര്‍മയുടെ പ്രഹരശേഷിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കരീബിയന്‍ ദ്വീപുകളില്‍ വന്‍നാശഷ്ടം വിതച്ച ശേഷമാണ് ഇര്‍മ ഫ്‌ളോറിഡ തീരത്തെത്തുന്നത്.
ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ദക്ഷിണ ഫ്‌ളോറിഡയുടെ തീരത്ത് ഇര്‍മ എത്തുക. തെക്കന്‍ മുനമ്പില്‍നിന്നാകും ജനസാന്ദ്രത വളരെ കൂടുതലായ വടക്കന്‍ ഫ്‌ളോറിഡയിലേക്ക് ഇര്‍മ പ്രവേശിക്കുകയെന്നാണ് വിലയിരുത്തിയിട്ടുള്ളത്.
"ഇര്‍മ ഫ്‌ളോറിഡയെ ബാധിക്കുമോ എന്നത് ഒരു ചോദ്യമേ അല്ല. എത്ര മോശമായാണ് ഫ്‌ളോറിഡ ബാധിക്കപ്പെടുക എന്നതാണ് ചോദ്യം"- ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി മേധാവി വില്യം ബ്രോക്ക് പറഞ്ഞു.
സമീപ സംസ്ഥാനങ്ങളായ ജോര്‍ജിയയിലും കരോളിനയിലും അടുത്തയാഴ്ചയോടെ ഉണ്ടായേക്കാവുന്ന കനത്തമഴയെ കുറിച്ചും വെള്ളപ്പൊക്കത്തെ കുറിച്ചും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഫ്‌ളോറിഡയില്‍ മണ്ണൊലിപ്പിനും ഇര്‍മ കാരണമായേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
Share this Article
Related Topics