വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിവെടിയേറ്റു മരിച്ചു. പഞ്ചാബില്‍ നിന്നുള്ള ധര്‍മ്മപ്രീത് സിങ് ജാസര്‍(21) ആണ് പലചരക്ക് കടയിലെ ജോലിക്കിടെ മോഷണ സംഘത്തിന്റെ വെടിയേറ്റു മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് ആയുധധാരികളായ നാലംഗ സംഘം കട കൊള്ളയടിക്കാനെത്തിയത്. പണവും സാധനങ്ങളും കൊള്ളയടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കടയുടെ കാഷ് കൗണ്ടറിനു പിന്നിലൊളിച്ച ധര്‍മ്മപ്രീത് സിങിനു നേരെ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയോടെ കടയിലെത്തിയവരാണ് കാഷ് കൗണ്ടറിനു താഴെ വെടിയേറ്റ് മരിച്ച നിലയില്‍ ധര്‍മ്മപ്രീത് സിങിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അര്‍മിത് രാജ് സിങ് എന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഇന്ത്യന്‍ വംശജനാണെന്നും കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട ഇയാളാവാം വെടിയുതിര്‍ത്തതെന്നും പോലീസ് സംശയം പ്രകടിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
പഞ്ചാബ് സ്വദേശിയാണ് കൊല്ലപ്പെട്ട ധര്‍മ്മപ്രീത് സിങ് ജാസര്‍. കാലിഫോര്‍ണിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അക്കൗണ്ടിങ് വിദ്യാര്‍ഥിയായി മൂന്ന് വര്‍ഷം മുന്‍പാണ് ജാസര്‍ അമേരിക്കയിലെത്തിയത്.
കൊലപാതക വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ജാസറിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.