ബീജിങ്: ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമല്ല പകരം യോജിച്ച് മുന്നേറുകയാണ് വേണ്ടതെന്ന് സൂചിപ്പിച്ച് ചൈന. ഇന്ത്യന്‍ ആനയും ചൈനീസ് വ്യാളിയും യുദ്ധം ചെയ്യുകയല്ല വേണ്ടത് പകരം ഒരുമിച്ച് നൃത്തം ചെയ്യുകയാണ് വേണ്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മാനസിക വൈമുഖ്യം ഒഴിവാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ പരസ്പരം മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറയുന്നു.
ചൈനീസ് പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രതിസന്ധികളെയും പരീക്ഷണങ്ങളെയുമതിജീവിച്ച് ഇന്ത്യാ- ചൈനാ ബന്ധം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോക്ലാമുള്‍പ്പെടെയുള്ള വിഷയത്തെ തുടര്‍ന്ന് ഇന്ത്യയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ചൈനാ- പാകിസ്താന്‍ സാമ്പത്തിക ഇടനാഴി, ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം, പാക് ഭീകരന്‍ മസൂദ് അസര്‍ തുടങ്ങി ഇന്ത്യാ- ചൈനാ ബന്ധത്തെ ബാധിച്ച നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം താത്പര്യങ്ങളെ മുറുകെ പിടിക്കുന്നതിനൊപ്പം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ ഒന്നിക്കുകയാണെങ്കില്‍ ഒന്നും ഒന്നും രണ്ടെന്നതിന് പകരം പതിനൊന്നായി മാറുമെന്ന് അദ്ദേഹം വിശദീകരിച്ചു.
India, China, China-India relationship