ബ്യുണസ് ഐറിസ്: 2022 ല്‍ നടക്കേണ്ട ജി20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും. അര്‍ജന്റീനയില്‍ നടന്ന 13-ാമത് ജി20 ഉച്ചകോടിക്കിടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇന്ത്യ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികമാണ് 2022 എന്ന പ്രത്യേകത ഇതിനുണ്ട്. നേരത്തെ നിശ്ചയിച്ച പ്രകാരം ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിക്ക് വേദിയാകാനുള്ള അവസരം 2021 ലാണ്. 2022 ഇറ്റലിയുടെ അവസരമായിരുന്നു.
എന്നാല്‍ 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആ വര്‍ഷത്തില്‍ തന്നെ ഉച്ചകോടിക്ക് വേദിയാകാനുള്ള ആഗ്രഹം പ്രധാനമന്ത്രി ഇറ്റലിയെ അറിയിക്കുകയും ഇന്ത്യയുടെ അഭ്യര്‍ഥന ഇറ്റലി സ്വീകരിക്കുകയുമായിരുന്നു. ഇരുരാജ്യങ്ങളും തങ്ങളുടെ അവസരങ്ങള്‍ പരസ്പരം വെച്ചുമാറിയത് മറ്റ് രാജ്യങ്ങളും അംഗീകരിച്ചതോടെ ഇന്ത്യ 2022 ല്‍ ജി20 ഉച്ചകോടിക്ക് ആഥിത്യമരുളും. ഇന്ത്യയ്ക്ക് പകരം 2021 ല്‍ ഇറ്റലിയിലാകും ഉച്ചകോടി നടക്കുക.
2022 ല്‍ ജി20 ഉച്ചകോടിക്ക് ആതിഥ്യം നല്‍കാനുള്ള അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ലോകനേതാക്കളെയും 2020ല്‍ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു.
2019 ലെ ജി20 ഉച്ചകോടി ജപ്പാനിലാണ്. അതിന് ശേഷം സൗദി അറേബ്യയില്‍ വെച്ചാകും ഉച്ചകോടി നടക്കുക. അര്‍ജന്റീനയിലാണ് ഇത്തവണത്തെ ഉച്ചകോടി നടക്കുന്നത്. ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്ത് ഇതാദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത് എന്ന പ്രത്യേകത കൂടി ഇത്തവണത്തേതിനുണ്ട്.
Content Highlights: G20Summit, India, Italy, Argentina, PM Narendra Modi