വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞ കൂറ്റന്‍ മത്സ്യത്തെ ചൊല്ലിയുള്ള ദുരൂഹതകള്‍ തുടരുന്നു. വാലും പല്ലുകളും ഇല്ലാത്ത ഭീമന്‍ മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷാണെന്ന് തിരിച്ചെറിഞ്ഞെങ്കിലും ഇവയെങ്ങനെ അമേരിക്കന്‍ തീരത്ത് എത്തിയെന്നതാണ് ഗവേഷകരെ കുഴപ്പിക്കുന്നത്.
ഫെബ്രുവരി 19-നാണ് ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണുന്ന ഹുഡ്‌വിങ്കര്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞത്. അമേരിക്കന്‍ തീരത്ത് ഹുഡ് വിങ്കര്‍ ഫിഷിനെ കണ്ടെത്തിയതോടെ ഇവയുടെ ആവാസവ്യവസ്ഥയില്‍ ഗുരുതരപ്രശ്‌നങ്ങളുണ്ടെന്നാണ് ഗവേഷകര്‍ വിരല്‍ചൂണ്ടുന്നത്. ഇത്രയധികം ദൂരം താണ്ടി ഈ മത്സ്യം എങ്ങനെ അമേരിക്കന്‍ തീരം വരെ എത്തിയെന്നത് സംബന്ധിച്ചും സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.
2014-ലാണ് ഇത്തരം മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തുന്നത്. 2017-ല്‍ ഗവേഷകര്‍ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ എല്ലുകളുള്ളതും ഭാരമുള്ളതുമായ ഹുഡ് വിങ്കര്‍ സണ്‍ഫിഷുകള്‍ അത്രയുംകാലം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ മരിയാനെ നയെഡാര്‍ഡ് എന്ന ഗവേഷകയാണ് ആദ്യമായി ഹുഡ് വിങ്കര്‍ സണ്‍ഫിഷിനെ തിരിച്ചറിഞ്ഞത്.
സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട 150 മത്സ്യങ്ങളുടെ ഡി.എന്‍.എ. പരിശോധിച്ചിരുന്ന മരിയാനെ ഒരു ഡി.എന്‍.എ മാത്രം വ്യത്യസ്തമായതും നിലവിലെ സണ്‍ഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഹുഡ് വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിക്കുന്നത്. ഒടുവില്‍ 2014-ല്‍ ന്യൂസിലാന്‍ഡില്‍ ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കടിഞ്ഞതോടെയാണ് സമുദ്രത്തില്‍ മറഞ്ഞിരുന്ന ഹുഡ് വിങ്കര്‍ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്.
Content Highlights: hudwinker sunfish found in santa barbara beach in california