നെയ്‌റോബി: തിരുവനന്തപുരത്തെ ഹൈടെക് എടിഎം കവര്‍ച്ച കേസിലെ ആറാം പ്രതി പിടിയില്‍. റൊമേനിയന്‍ സ്വദേശിയായ അലക്‌സാണ്ടര്‍ മാരിയാനോയാണ് കെനിയയില്‍ പിടിയിലായത്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.
ആറ് പ്രതികളുണ്ടായിരുന്ന കേസിലെ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ നേരത്തെ മുംബൈയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ എല്ലാ പ്രതികളുടെയും പാസ്‌പോര്‍ട്ടും ചിത്രങ്ങളും ശേഖരിക്കാനും അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു. ഇത് ഇന്റര്‍ പോളിന് കൈമാറിയിരുന്നു. ഇതാണ് മാരിനോവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
കെനിയയിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ മാരിനോവിനെ കെനിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ വിട്ടുകിട്ടാനും ചോദ്യം ചെയ്യാനുമായി ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കെനിയയിലേക്ക് തിരിക്കും.
വിനോദസഞ്ചാരികള്‍ എന്ന വ്യാജേന തലസ്ഥാനത്തെത്തിയ പ്രതികള്‍ തട്ടിപ്പു നടത്തുകയായിരുന്നു. തിരുവനന്തപുരം നഗരമധ്യത്തിലെ എടിഎമ്മുകളിലാണ് ഇലക്ട്രിക്ക് ഉപകരണം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയത്. എടിഎമ്മിനകത്ത് സ്ഥാപിച്ച പ്രത്യേകതരം ഇലക്ട്രിക്ക് ഉപകരണം വഴി ഉപഭോക്താക്കളുടെ എടിഎം കാര്‍ഡ് വിവരങ്ങളും രഹസ്യപിന്‍കോഡും ശേഖരിച്ച ശേഷം മുംബൈയിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.
അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതായി കാണിച്ച് ഉപഭോക്താക്കള്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പരാതികളെ തുടര്‍ന്ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ക്ഷനിലെ എസ്ബിഐ എടിഎം പരിശോധിച്ച പോലീസ് സംഘം എടിഎമ്മിന്റെ റൂഫില്‍ സ്ഥാപിച്ച പ്രത്യേക ഇലക്ട്രിക്ക് ഉപകരണം കണ്ടെത്തി.
ഫയര്‍ അലാറാം സിസ്റ്റത്തോട് സാമ്യം തോന്നുന്ന രീതിയിലുള്ള ഉപകരണം വാതിലിന് സമീപത്തായാണ് സ്ഥാപിച്ചിരുന്നത്. സൂക്ഷമദൃശ്യങ്ങള്‍ പോലും പകര്‍ത്തിയെടുക്കാന്‍ തക്കവണ്ണം ശക്തമായ ലെന്‍സും, മെമ്മറി കാര്‍ഡും ഈ ഉപകരത്തിനുള്ളില്‍ ഉണ്ടായിരുന്നു.