ധാക്ക: വടക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിലെ സത്കിറ ജില്ലയില്‍ അജ്ഞാത സംഘം ഒരു ക്ഷേത്രപൂജാരിയെ കുത്തിപരിക്കേല്‍പ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീ ശ്രീ രാധ ഗോബിന്ദേ ക്ഷേത്രത്തിലെ പൂജാരി ബാബസിന്ധുവിനെ (48) ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്ഷേത്രത്തിനകത്ത് കിടന്നുറങ്ങുകയായിരുന്ന ഇയാളുടെ മുതുകിലും നെഞ്ചിലുമാണ് അക്രമിസംഘം കുത്തിയത്. പൂജാരിയുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇദേഹത്തെ വിദഗ്ദ്ധ ചികിത്സയ്്ക്കായി ധാക്കയിലേക്ക് കൊണ്ടു പോകുമെന്നും സത്കിറ പോലീസ് ഡെപ്യൂട്ടി ചീഫ് അത്ഖുല്‍ ഹഖ് പറഞ്ഞു.
മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് പൂജാരിക്ക് നേരയുണ്ടായ വധശ്രമമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഭീകരര്‍ വിദേശികളെ ബന്ദികളാക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ക്ഷേത്രത്തിനകത്ത് കയറി പൂജാരിയെ വധിക്കാന്‍ ശ്രമിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ വെള്ളിയാഴ്ച ഒരു ക്ഷേത്രജീവനക്കാരനെ ബൈക്കിലെത്തിയ മൂന്നംഗസംഘം കൊന്നതിന് തൊട്ടുപിറകേയാണ് ഈ സംഭവം.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ പേരാണ് ബംഗ്ലാദേശില്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടത്.
മതേതരവാദികളായ ബ്ലോഗര്‍മാര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, ഹൈന്ദവര്‍ ക്രിസ്താനികള്‍ തുടങ്ങിയ മതന്യൂനപക്ഷങ്ങള്‍, മുസ്ലീം സൂഫിമാര്‍, ഷിയാ മുസ്ലീങ്ങള്‍ തുടങ്ങിയവരാണ് ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരകളാവുന്നത്.
രാജ്യത്ത് ശക്തമായ വേരുകളുള്ള അല്‍ ഖൈ്വദയും, സാന്നിധ്യം വ്യാപിപ്പിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ്‌സുമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിറകില്‍. രാജ്യത്തിന്റെ അഭ്യന്തരസുരക്ഷയ്ക്ക് തന്നെ തീവ്രവാദസംഘടനകള്‍ ഭീഷണിയായതിനെ തുടര്‍ന്ന് ഇവരെ അടിച്ചമര്‍ത്തുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം സുരക്ഷാസേനകള്‍ നടത്തിയ വ്യാപകപരിശോധനകളെ തുടര്‍ന്ന് തീവ്രവാദബന്ധമുള്ള പതിനായിരത്തിലേറെ പേരെ കസ്റ്റഡിയിലെടുത്തിരുന്നു.