ബര്‍ലിന്‍ (ജര്‍മനി): ഇസ് ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് മ്യുണിക് നഗരത്തിലെ രണ്ട് റെയില്‍വെ സ്റ്റേഷനുകള്‍ ജര്‍മനി ഒരു മണിക്കൂറോളം അടച്ചിട്ടു. പുതുവര്‍ഷപ്പിറവിക്ക് തൊട്ടുമുമ്പായിരുന്നു ഇത്. വ്യാപക പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കിയശേഷമാണ് സ്റ്റേഷനുകള്‍ പിന്നീട് തുറന്നത്.
ഫ്രാന്‍സാണ് ജര്‍മനിക്ക് ഐ.എസ് ആക്രമണ സാധ്യത സംബന്ധിച്ച രഹസ്യ വിവരം നല്‍കിയതെന്ന് ജര്‍മന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 130 പേര്‍ കൊല്ലപ്പെട്ട പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികളില്‍ വീഴ്ചവേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചത്.
ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ യൂറോപ്പിലെ പല നഗരങ്ങളെയും ഐ.എസ് ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് സൂചന. മ്യൂണിക്കിലെ ജനങ്ങളോട് കൂട്ടം കൂടി നില്‍ക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐ.എസിന്റെ അഞ്ചോ ഏഴോ ചാവേറുകള്‍ ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നതായിട്ടാണ് അധികൃതര്‍ക്ക് ലഭിച്ച വിവരം. ആക്രമണ ഭീഷണി നിലനില്‍ക്കുന്ന നഗരങ്ങളില്‍ പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
തീവ്രവാദ ആക്രമണ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ പലയിടത്തും ന്യൂഇയര്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. പുതുവര്‍ഷ ദിനത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നു പേരെ ബ്രസ്സല്‍സില്‍ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് ബ്രസ്സല്‍സിലെ ചില ആഘോഷ പരിപാടികള്‍ പെട്ടെന്ന് റദ്ദാക്കിയത്. പാരിസില്‍ എല്ലാ വര്‍ഷവും ന്യൂഇയറിന് നടക്കാറുള്ള വെടിക്കെട്ട് ഈ വര്‍ഷം ആദ്യമായി റദ്ദാക്കി. മോസ്‌ക്കോയില്‍ വെടിക്കെട്ട് അഞ്ചു മിനുട്ട് വൈകിയാണ് നടത്തിയത്.
അങ്കാരയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന രണ്ട് ഐ.എസ് ഭീകരരെ ബുധനാഴ്ച്ച തുര്‍ക്കി പോലീസ് ്അറസ്റ്റ് ചെയ്തിട്ടുണ്. അതിനിടെ നവംബര്‍ 13ന് ഐ.എസ് നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് ്ഒരു ബെല്‍ജിയന്‍ പൗരന്‍ അറസ്റ്റിലായി. ബ്രസ്സല്‍സില്‍ നിന്നാണ് അയൂബ് എന്ന ഇയാള്‍ ബെല്‍ജിയന്‍ പോലീസിന്റെ പിടിയിലായത്.