സിയൂള്‍: ഉത്തര കൊറിയയുടെ സൈനികന്‍ ഓടി രക്ഷപ്പെട്ട് ദക്ഷിണ കൊറിയന്‍ സൈനികരില്‍ അഭയം തേടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. യുണൈറ്റഡ് നേഷന്‍സ് കമാന്‍ഡാണ് സൈനികന്‍ അതിര്‍ത്തി കടന്ന് ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
ഉത്തര കൊറിയന്‍ സേനയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ സൈനികനെ വെടിവെച്ചിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. നാല് തവണ വെടിയേല്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും ഇതിലുണ്ട്. കഴിഞ്ഞ 13-ാം തീയതിയാണ് സൈനികന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റത്. ഇത് സ്ഥിരീകരിക്കുന്ന വീഡിയോ ആണ് അമേരിക്കന്‍ കമാന്‍ഡന്റ് പുറത്തുവിട്ടത്.
പാന്‍മുന്‍ജോം പ്രവിശ്യയിലായിരുന്നു സംഭവം. സൈനികന്‍ കൂറുമാറുകയാണെന്ന് സംശയിച്ച് കൂടെയുള്ളവര്‍ വെടിവച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
മീറ്ററുകളുടെ വ്യത്യാസത്തില്‍ ഇരു കൊറിയകളുടെയും സെനികര്‍ നേര്‍ക്ക് നേര്‍ കാവല്‍ നില്‍ക്കുന്ന സ്ഥലമാണ് പാന്‍മുന്‍ജോം. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസഭാ കമാന്‍ഡാണ് ഇവിടെ ഉത്തരകൊറിയയ്ക്ക് വേണ്ടി മേല്‍നോട്ടം നടത്തുന്നത്.
വാഹനത്തിലെത്തിയ സൈനികന്‍ അതിര്‍ത്തിയില്‍ ദക്ഷിണകൊറിയന്‍ വശത്തേക്ക് തിരിഞ്ഞതോടെ സൈനികര്‍ വെടിയുതിര്‍ക്കുന്നത് കണ്ടുവെന്നാണ് ദക്ഷിണകൊറിയന്‍ വൃത്തങ്ങളും പറയുന്നത്. തങ്ങളുടെ ഭാഗത്തുനിന്നോ യുഎന്‍സിയുടെ ഭാഗത്തുനിന്നോ വെടിയുതിര്‍ത്തിട്ടില്ലെന്നും ദക്ഷിണകൊറിയ പറയുന്നു.
വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ദക്ഷിണകൊറിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരകൊറിയന്‍ സൈനികര്‍ ഇങ്ങനെ ചേരിതിരിഞ്ഞ് ദക്ഷിണകൊറിയയിലേക്ക് പോവുന്നത് വളരെ അപൂര്‍വ്വമാണ്. രാജ്യത്തോട് അത്രയധികം കൂറ് പുലര്‍ത്തുന്ന വിശ്വസ്തരായ സൈനികരെയാണ് ഈ മേഖലയില്‍ ഉത്തരകൊറിയ വിന്യസിക്കാറുള്ളത്.