വാഷിംഗ്ടണ്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഉത്തരകൊറിയയുടെ ക്ഷണം ലഭിച്ചതായി വൈറ്റ് ഹൗസ് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചു. മെയ് മാസത്തോട് കൂടി ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സുരക്ഷ സംബന്ധിച്ച ഉറപ്പ് നല്‍കിയാല്‍ ആണവ പദ്ധതിയില്‍ നിന്നും പിന്മാറാന്‍ തങ്ങള്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. മാത്രമല്ല സഹകരണം തുടര്‍ന്നാല്‍ മിസൈല്‍ പരീക്ഷണമുണ്ടാവില്ലെന്നും ഉന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ദക്ഷിണകൊറിയയില്‍ നിന്നുള്ള പ്രത്യേക പ്രതിനിധികളാണ് ഉത്തരകൊറിയയുടെ വാഗ്ദാനം വൈറ്റ് ഹൗസിനെ അറിയിച്ചത്.
ദക്ഷിണകൊറിയന്‍ പ്രതിനിധികളുടേയും പ്രസിഡന്റിന്റെയും വാക്കുകള്‍ അഭിനന്ദനാര്‍ഹമാണെന്നും ചര്‍ച്ചാ ക്ഷണം ട്രംപ് അംഗീകരിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡഴ് വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചയുടെ സ്ഥലവും ദിവസവും പിന്നീട് അറിയിക്കുമെന്നും സാറാ സാന്‍ഡേഴ്‌സ് വ്യക്തമാക്കി.
കിം ജോങ് ഉന്നിന്റെ വാക്ക് പ്രതീക്ഷ നല്‍കുന്നതാണെന്നും കൂടിക്കാഴ്ച നടക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആണവ പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഉത്തരകൊറിയയുമായി ചര്‍ച്ചയാകാമെന്ന് നേരത്തെ യു.എസ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഉത്തരകൊറിയന്‍ നിലപാട് ദക്ഷിണകൊറിയന്‍ പ്രതിനിധികള്‍ മുഖേന അമേരിക്കയെ അറിയിച്ചത്.
contenthighlights:Donald Trump Accepts North Korea Invitation