വാഷിങ്ടണ്‍: ഉത്തര കൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ആണവായുധ ശേഖരം രാജ്യത്തിന് ഭീഷണിയായതുകൊണ്ട് ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള ചരിത്രപരമായ സമാധാന ചര്‍ച്ചകള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.
സമാധന ഉച്ചകോടിക്ക് ശേഷം ജൂണ്‍ 13-ന്, ഇനി ഉത്തര കൊറിയയില്‍നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങി കൊള്ളൂ എന്നാണ് ട്രംപ് ട്വിറ്റ് ചെയ്തത്. എന്നാല്‍, ഒരാഴ്ചയ്ക്കുശേഷം ട്രംപ് വീണ്ടും ഉത്തര കൊറിയയ്‌ക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.
ഉത്തര കൊറിയ ആണവ നിരായുധീകരണം നടപ്പാകാത്ത സാഹചര്യത്തില്‍ അമേരിക്കയുടെ രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും കൊറിയ ഭീഷണിയാണ്. അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവയില്‍ അറിയിച്ചു.
കൊറിയന്‍ മുനമ്പിനെ ആണവ മുക്തമാക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സമാധാന ഉച്ചകോടിയില്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞ ചെയ്തത്.