ബീജിങ്: വിമാനത്താവളത്തില്‍ അതിക്രമിച്ചു കടന്ന 13 വയസ്സുകാരന്‍ പറത്താന്‍ ശ്രമിച്ചത് രണ്ട് വിമാനങ്ങള്‍. ഒടുവില്‍ രണ്ട് വിമാനങ്ങളും പറത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും 13-കാരന് 'ഭീകരശിക്ഷ'യൊന്നും ലഭിച്ചില്ല. നാശനഷ്ടത്തിന് പിഴ ഈടാക്കിയതിനൊപ്പം 13-കാരന് വിമാനം പറത്താനുള്ള പരിശീലനം നല്‍കാനുമാണ് അധികൃതരുടെ തീരുമാനം.
കിഴക്കന്‍ ചൈനയിലെ ഹുസോ നഗരത്തിലെ പ്രാദേശിക വിമാനത്താവളത്തില്‍ ജൂണ്‍ 15-നായിരുന്നു ഏവരെയും അമ്പരിപ്പിച്ച സംഭവം. രാത്രിയോടെ വിമാനത്താവളത്തില്‍ കടന്ന 13-കാരന്‍ രണ്ട് ചെറു വിമാനങ്ങളാണ് പറത്താന്‍ ശ്രമിച്ചത്. ആദ്യം ഒരു വിമാനത്തില്‍ കയറി പറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് സുരക്ഷാവേലികളില്‍ ഇടിച്ചുനിന്നു. തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്നു മറ്റൊരു വിമാനത്തിലും പയ്യന്‍ 'പരീക്ഷണ പറക്കല്‍' നടത്തി. എന്തായാലും ഈ സംഭവമെല്ലാം സി.സി.ടി.വി.യില്‍ കൃത്യമായി പതിഞ്ഞതോടെ സാമൂഹികമാധ്യമങ്ങളിലും ഈ 13-കാരന്‍ വൈറലാവുകയായിരുന്നു.
13-കാരന്റെ വിമാനം പറത്താനുള്ള ശ്രമത്തില്‍ 8000 യുവാന്റെ നാശനഷ്ടമുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കാനും തീരുമാനിച്ചു. എന്തായാലും യാതൊരു പരിശീലനവുമില്ലാതെ 13-കാരന്‍ വിമാനങ്ങള്‍ പറത്താന്‍ ശ്രമിച്ചതാണ് അധികൃതരെ ഞെട്ടിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് വ്യക്തമാക്കിയ അധികൃതര്‍, 13-കാരന് വിമാനം പറത്താനുള്ള പരിശീലനം നല്‍കുമെന്നും വ്യക്തമാക്കി.
Content Highlights: chinese teenager enters airport and took two planes to ride
Share this Article