ബെയ്ജിങ്: ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശം ഏറ്റുവാങ്ങുന്ന പാകിസ്താനെ ഇനി ചൈന പിന്തുണയ്ക്കില്ല. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ചൈനയുടെ മനം മാറ്റത്തിന് കാരണം. പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടാതിരിക്കാനാണ് എഫ്.എ.ടി.എഫ് യോഗത്തില്‍ പാകിസ്താനെ പിന്തുയ്ക്കാന്‍ ചൈന തയ്യാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാകിസ്താനെതിരായ തീരുമാനമെടുക്കുന്ന യോഗത്തില്‍ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നിരുന്നു.
പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നടപടികള്‍ എഫ്.എ.ടി.എഫ് നേരത്തേ തന്നെ തുടങ്ങിയിരുന്നു. ഫെബ്രുവരി 20 ന് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ അമേരിക്ക നീക്കം നടത്തിയെങ്കിലും ചൈന, തുര്‍ക്കി, സൗദി അറേബ്യ എന്നിവര്‍ ഒരുമിച്ച് എതിര്‍ത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി 22 ന് വിഷയം വീണ്ടും അമേരിക്ക മുന്നോട്ടു വെച്ചപ്പോള്‍ സൗദി പിന്‍വാങ്ങുകയും ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
പാകിസ്താനെ പിന്തുണച്ചാലും പരാജയപ്പെടുമെന്ന് കണ്ടാണ് മുഖം നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ ചൈന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ഗ്രേ ലിസ്റ്റില്‍ പെട്ടതോടെ പാകിസ്താന്റെ നടപടികള്‍ കൂടുതല്‍ നിരീക്ഷണ വിധേയമാകും. തൃപ്തികരമല്ലെന്നു കണ്ടാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുക എന്ന അവസ്ഥയിലേക്ക് പാകിസ്താനെത്തിച്ചേരും.
ഫെബ്രുവരി 20 ന് പാകിസ്താനെതിരായ നീക്കം തടയപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പാക് വിദ്ശകാര്യ മന്ത്രി ഖ്വാജാ ആസിഫ് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ 22 ന് അടുത്ത സമ്മേളനം വരുന്നുണ്ടെന്നായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അതിന് മറുപടി നല്‍കിയത്.
എഫ്.എ.ടി.എഫ് യോഗത്തിന് മുന്നോടിയായി ചില നിയമങ്ങളും നടപടികളും പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും എഫ്.എ.ടി.എഫ് പട്ടികയില്‍ ഉള്‍പ്പെടാതിരിക്കാന്‍ മതിയായ കാരണങ്ങാളായി പരിഗണിക്കപ്പെട്ടില്ല.
2012 ലായിരുന്നു ഇതിന് മുമ്പ് എഫ്.എ.ടി.എഫ് പട്ടികയില്‍ ഉള്‍പ്പെട്ടത്. 2015 ല്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. അതിനാല്‍ 2015 ല്‍ രക്ഷപ്പെടാന്‍ സ്വീകരിച്ച നടപടികള്‍ ആവര്‍ത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാകും. മേയില്‍ ഇവ സമര്‍പ്പിക്കും. ഇവ ജൂണില്‍ ചേരുന്ന യോഗത്തില്‍ എഫ്.എ.ടി.എഫ് അംഗീകരിക്കുകയാണെങ്കില്‍ പാകിസ്താന്‍ ഗ്രേ ലിസ്റ്റില്‍ തുടരും. തള്ളിക്കളഞ്ഞാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നോര്‍ത്ത് കൊറിയയും ഇറാനുമാണ് ഇപ്പോള്‍ എഫ്.എ.ടി.എഫ് കരിമ്പട്ടികയില്‍ ഉള്ള രാജ്യങ്ങള്‍.