കാലിഫോര്‍ണിയ: യു.എസില്‍ ഉത്തരകാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു. കാലിഫോര്‍ണിയയുടെ പല ഭാഗങ്ങളിലായി മണിക്കൂറുകളുടെ ഇടവേളയില്‍ തീപിടിത്തമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്.
വനത്തിലാരംഭിക്കുന്ന കാട്ടുതീ കാറ്റില്‍ പല ദിശയിലേക്കായി വ്യാപിക്കുന്നതാണ് നിലവിലെ സ്ഥിതി. വനപ്രദേശങ്ങളക്കിടയില്‍ സ്ഥിതി ചെയ്യുന്ന കുഞ്ഞുഗ്രാമങ്ങളും കോളനികളുമാണ് തീയില്‍ വെന്ത് വെണ്ണീരാവുന്നത്. കാട്ടുതീ നിയന്ത്രണാതീതമായി പടരുന്നതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയുടെ ഉത്തരഭാഗത്തെ എട്ട് കൗണ്ടികളില്‍ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റ് വീശിയതോടെ വളരെ വേഗതയിലാണ് കാട്ടുതീ പടര്‍ന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. കടുത്ത പുകയ്ക്കും ചാരത്തിനും നടുവിലൂടെയാണ് പലരേയും പുറത്തേക്കെത്തിച്ചത്.
കാട്ടുതീയെ തുടര്‍ന്ന് 20,000 ത്തോളം പേരെ പ്രദേശത്ത് നിന്നൊഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രദേശത്തെ നഴ്‌സിംഗ് ഹോമില്‍ താമസിക്കുകയായിരുന്ന നൂറോളം വൃദ്ധരും ഉള്‍പ്പെടും.
സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് 55 മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന സാറ്റാ റോസയില്‍ ഒരു ഹോട്ടലടക്കം മുഴുവന്‍ സ്ഥലവും കാട്ടുതീ വിഴുങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ 1500-ഓളം കെട്ടിട്ടങ്ങള്‍ തീയില്‍ നശിച്ചെന്നാണ് അധികൃതരുടെ കണക്ക്.
ഞെട്ടിപ്പിക്കുന്ന രീതിയാലാണ് മരണസംഖ്യ ഉയര്‍ന്നതെന്നും സാധാരണഗതിയില്‍ യുഎസില്‍ ഒരു വര്‍ഷം മരിക്കുന്നതിലും ആളുകളാണ് കാലിഫോര്‍ണിയയില്‍ മാത്രം മരിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.