സോള്‍: ഉത്തരകൊറിയയുടെ ആണവായുധ ശേഷി ഭീഷണിയല്ല യാഥാര്‍ഥ്യമാണെന്ന് യു എസ് മനസ്സിലാക്കണമെന്ന് ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. പുതുവര്‍ഷ ആശംസയ്ക്കിടെയാണ് കിം ഇക്കാര്യം പറഞ്ഞത്.
ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയില്‍ ആരംഭിക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിന് വിജയം ആശംസിച്ച കിം, ഉത്തരകൊറിയന്‍ സംഘത്തെ ഒളിമ്പിക്‌സിന് അയച്ചേക്കുമെന്ന സൂചനയും നല്‍കി.
ചാരനിറത്തില്‍, പാശ്ചാത്യ ശൈലിയിലുള്ള സ്യൂട്ടും ടൈയും ധരിച്ചാണ് ആശംസ നല്‍കാന്‍ കിം പ്രത്യക്ഷപ്പെട്ടത്. ആണവശക്തി കൈവരിച്ചതിലൂടെ രാജ്യം ചരിത്രപരമായ ഒരു ചുവടുവയ്പ്പാണ് നടത്തിയത്. ആണവായുധങ്ങളുടെ ബട്ടന്‍ എന്റെ മേശയിലാണുള്ളതെന്ന കാര്യം യു എസ് മനസ്സിലാക്കണമെന്നും കിം പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിലാണ് അമേരിക്കയുടെ മുഴുവന്‍ ഭാഗവും ഉള്ളതെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയയുമായി മെച്ചപ്പെട്ട ബന്ധത്തിന് ശ്രമിക്കണമെന്നും കിം പറഞ്ഞു. പ്യോങ്‌യാങില്‍ നടക്കുന്ന ശൈത്യകാല ഒളിമ്പിക്‌സിന് ആശംസകള്‍ നേരുകയും ചെയ്തു.