പിരാന: ഭരണവിരുദ്ധവികാരം ആഞ്ഞടിക്കുന്ന ബ്രസീലിൽ ആരോഗ്യമന്ത്രിയുടെ മകളുടെ വിവാഹം പ്രക്ഷോഭകാരികൾ മുട്ടയെറിഞ്ഞ് അലങ്കോലപ്പെടുത്തി. മിഷേൽ തെമർ മന്ത്രിസഭയ്‌ക്കെതിരായ പ്രതിഷേധമാണ് നവവധുവിനെ ചീമുട്ടയിൽ കുളിപ്പിക്കുന്നതിൽ കലാശിച്ചത്.
ആരോഗ്യമന്ത്രി റിക്കാർഡോ ബറോസിന്റെ മകളും പിരാനാ സ്‌റ്റേറ്റ് അസംബ്ലി അംഗവുമായ മരിയ വിക്ടോറിയ ബറോസിനാണ് വിവാഹദിനം പരീക്ഷണദിനമായത്. വിവാഹച്ചടങ്ങുകൾ നടന്ന പള്ളിയ്ക്കു മുമ്പിൽ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.ചടങ്ങുകൾക്ക് ശേഷം പുറത്തേക്കെത്തിയതും പ്രതിഷേധക്കാർ മരിയയ്ക്കു നേരെ ചീമുട്ടകൾ എറിയുകയായിരുന്നു.വിവാഹത്തിൽ പങ്കെടുക്കാനെത്തിയ വിവിഐപികൾക്കും കിട്ടി മുട്ടയേറ്. ബ്രസീലിയൻ കോൺഗ്രസിലെ മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത ആർഭാടം നിറഞ്ഞ വിവാഹമായിരുന്നു മരിയയുടേത്.
പ്രധാനപ്പെട്ട ചടങ്ങുകൾക്ക് ശേഷം ഒടുവിൽ മറ്റ് വഴികളില്ലാതെ അതേ വേഷത്തിൽ സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പം വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നു മരിയ. മുൻ പ്രസിഡന്റ് ദിൽമ റൂസഫിനെ പുറത്താക്കി അധികാരത്തിലെത്തിയ മിഷേൽ തെമറിനോടും അദ്ദേഹത്തിന്റെ മന്ത്രിസഭയോടുമുള്ള പ്രതിഷേധം രൂക്ഷമാവുന്നതിന്റെ സൂചനയായാണ് സംഭവത്തെ വിലയിരുത്തുന്നത്.
പിരാനയുടെ ഡെപ്യൂട്ടി ഗവർണറാണ് മരിയയുടെ അമ്മ സിദ ബോർഗെറ്റി. ഇടതുപക്ഷ പാർട്ടികളിൽ നിന്ന് സഹായം സ്വീകരിച്ച് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സിദയുടെ തീരുമാനമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണമെന്ന് മരിയ പ്രതികരിച്ചു. വിവാഹത്തിന് വന്നതിനെത്തുടർന്ന് മോശം അനുഭവം നേരിടേണ്ടിവന്നതിൽ അതിഥികളോട് ക്ഷമ ചോദിക്കാനും മരിയ മറന്നില്ല.
വീഡിയോ കാണാം..