സാവോ പോളോ: കുളിമുറിയില്‍ തലയടിച്ച് തെന്നിവീണതിനു പിന്നാലെ തനിക്ക് താത്കാലികമായി ഓര്‍മ നഷ്ടപ്പെട്ടുവെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ. 64കാരനായ ബോള്‍സൊനാരോ തിങ്കളാഴ്ച രാത്രിയാണ് ഔദ്യോഗിക വസതിയിലെ കുളിമുറിയില്‍ തെന്നിവീണത്.
ആ നിമിഷം എനിക്ക് ഓര്‍മ നഷ്ടമായി. പിറ്റേദിവസം രാവിലെ, എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ ഞാന്‍ സുഖമായിരിക്കുന്നു- ബാന്‍ഡ് ടെലിവിഷനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ബോള്‍സൊനാരോ കൂട്ടിച്ചേര്‍ത്തു.
വീണതിനു പിന്നാലെ ബോള്‍സൊനാരോയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ വിട്ടയച്ചത്. സി.ടി സ്‌കാനില്‍ പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ബോള്‍സൊനാരോയുടെ ഓഫീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ജനുവരി ഒന്നിനാണ് ബ്രസീലിന്റെ പ്രസിഡന്റായി ബോള്‍സൊനാരോ അധികാരമേറ്റത്. സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണത്തില്‍ ബോള്‍സൊനാരോയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടര്‍ന്ന് നാലു ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിരുന്നു.
content highlights: brazil president lost memory after he fell in bathroom