ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ അദ്ദേഹം പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു. "ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല" എന്നായിരുന്നു മോമെന്റെ പ്രതികരണം.
ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യസന്ദര്‍ശനം റദ്ദാക്കിയതായുള്ള വാർത്ത പുറത്ത വന്നത്.
യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി മോമെന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യസന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.
"രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ നിരവധി പ്രശ്നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. ഒരു സൗഹൃദ രാജ്യമെന്ന നിലയില്‍ സൗഹൃദത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തു"മെന്നും അമിത് ഷായുടെ പ്രസംഗത്തിനോടുള്ള പ്രതികരണമായി മോമെന്‍ മുന്നറിയിപ്പ് നല്‍കിയരുന്നു.
content highlights: Bangladesh Foreign Minister Abdul Momen Cancels Two-day India Visit