ജനിച്ച് പിറ്റേദിവസം കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് കാണാതാവുക, രണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം കാണാതായ കുട്ടിയോട് സാദ്യശ്യമുള്ള കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് തങ്ങളുടെ കുട്ടിയാണെന്ന നിഗമനത്തില്‍ മാതാപിതാക്കള്‍ കുട്ടിയെ ഏറ്റെടുക്കുക, പോള്‍ ഫ്രോങ്ക്‌സാക് എന്ന പേരില്‍ കുട്ടിയെ വളര്‍ത്തുക, വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ കാണാതായ കുട്ടി തന്നെയാണോയെന്ന പോളിന്റെ സംശയം ഡിഎന്‍എ ടെസ്റ്റിലേക്ക് നീളുക, യഥാര്‍ഥ പോളിനെ കണ്ടെത്തിയെന്ന് 2019 ഡിസംബറില്‍ പോലീസിന്റെ വെളിപ്പെടുത്തല്‍... അവിശ്വസനീയമായ സന്ദര്‍ഭങ്ങള്‍ അരങ്ങേറിയത് അമേരിക്കയിലാണ്.
1964 ഏപ്രിലില്‍ ഷിക്കാഗോയിലെ മൈക്കല്‍ റീസ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയത് മാധ്യമങ്ങളുടെ മുന്‍പേജിലെ പ്രധാനവാര്‍ത്തയായിരുന്നു. ജനിച്ച് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ പരിശോധനയ്‌ക്കെന്ന വ്യാജേന മാതാപിതാക്കളുടെ സമീപത്ത് നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഷിക്കാഗോ സ്വദേശികളായ ചെസ്റ്ററിനും ഡോറ ഫ്രോങ്ക്‌സാകിനും ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് 1964 ഏപ്രില്‍ 27 ന് കാണാതായത്.
കുഞ്ഞിനെ കണ്ടെത്താന്‍ പലതരത്തിലുള്ള അന്വേഷണങ്ങള്‍ നടന്നു. പോലീസുദ്യോഗസ്ഥര്‍ കുഞ്ഞിന്റെ ഫോട്ടോയുമായി വീടുകള്‍ കയറിയിറങ്ങി. തപാലുദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ അന്വേഷണത്തില്‍ പങ്കാളികളാക്കി. രാജ്യമൊട്ടാകെ നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. വ്യാപകമായ അന്വേഷണത്തിന് തുമ്പില്ലാതായപ്പോള്‍ മന്ദഗതിയിലായി, പിന്നീട് അവസാനിച്ചു.
രണ്ട് കൊല്ലങ്ങള്‍ക്ക് ശേഷം 1966-ല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരാണ്‍കുട്ടിയെ കണ്ടെത്തി പോലീസ് ശിശുസംരക്ഷണകേന്ദ്രത്തിലാക്കി. കുട്ടിയുടെ പ്രായവും ചെവിയുടെ ആകൃതി ചെസ്റ്റര്‍-ഡോറ ദമ്പതിമാരുടെ കാണാതായ കുട്ടിയോട് സാദൃശ്യം തോന്നിയതിനെ തുടര്‍ന്ന് പോലീസ് അവരെ വിവരമറിയിച്ചു. കുട്ടിയെ കണ്ടയുടനെ അത് തങ്ങളുടെ കുട്ടിയാണെന്ന് അവരുറപ്പിച്ചു. നിയമപ്രകാരം കുട്ടിയെ ദത്തെടുക്കുകയും ചെയ്തു. പോള്‍ ഫ്രോങ്ക്‌സാക് അങ്ങനെ അവരുടെ രണ്ടാമത്തെ മകനായി അവരോടൊപ്പം ജീവിച്ചു. പത്ത് വയസ് പ്രായമുള്ളപ്പോഴാണ് തന്റെ പൂര്‍വകഥകള്‍ പോള്‍ അറിയുന്നത്.
കൗമാരപ്രായമെത്തുമ്പോഴേക്കും തന്റെ കുടുംബാംഗങ്ങളില്‍ നിന്ന് രൂപത്തിലും ഭാവത്തിലും സ്വഭാവത്തിലും താന്‍ തികച്ചും വ്യത്യസ്തനാണെന്ന് പോളിന് തോന്നലാരംഭിച്ചു. കൂടുതല്‍ പ്രായമാകുന്തോറും താന്‍ ആ കുടുംബത്തിലുള്ളതല്ലെന്ന തോന്നല്‍ പോളില്‍ ശക്തമായി. ഡിഎന്‍എ ടെസ്റ്റിനായി അവന്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു. പോളിന്റെ നിര്‍ബന്ധത്തിന് ഒടുവില്‍ ചെസ്റ്ററും ഡോറയും വഴങ്ങി. 2012 ല്‍ നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെ പോള്‍ 'കാണാതായ കുട്ടി'യല്ലെന്ന് തെളിഞ്ഞു.
അതിന് ശേഷം പോള്‍ സ്വന്തം മാതാപിതാക്കളെയും കുടുംബത്തേയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അതോടൊപ്പം യഥാര്‍ഥ പോള്‍ ഫ്രോങ്ക്‌സാകിനെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് കുട്ടിയെ കുറിച്ചുള്ള അന്വേഷണം പുനരാരംഭിച്ചു. ആ അന്വേഷണത്തെ തുടര്‍ന്ന് യഥാര്‍ഥ പോളിനെ കണ്ടെത്തിയെന്ന് പോലീസ് ഡിസംബര്‍ 12 ന് വെളിപ്പെടുത്തി. മിഷിഗണില്‍ താമസിച്ച് വരുന്ന 'കാണാതായ പോളി'ന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
പോളിന്റെ പിതാവ് ചെസ്റ്റര്‍ 2017-ല്‍ മരിച്ചു. മാതാവ് ഡോറയെ വിവരമറിയിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നാണ് സൂചന. ഡിഎന്‍എ ടെസ്റ്റിനു ശേഷവും ഡോറ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ഇവര്‍ വളര്‍ത്തിയ പോള്‍ ഇപ്പോള്‍ നെവാഡയിലാണ് താമസം. ഇദ്ദേഹത്തില്‍ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ പുതിയ പുസ്തകം തന്റെ ജീവിതത്തെ കുറിച്ചാണ്.
Content Highlioghts: Baby kidnapped from Chicago hospital in 1964 found living in Michigan