ഹൈദരാബാദ്: മ്യാന്‍മാറില്‍നിന്നെത്തുന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാര്‍ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവും എംപിയുമായ അസാദുദ്ദീന്‍ ഒവൈസി രംഗത്ത്. എഴുത്തുകാരി തസ്ലിമാ നസ്റിമിനെ സ്വീകരിക്കാമെങ്കില്‍ എന്ത് കൊണ്ട് റോഹിംഗ്യകളെ സ്വീകരിച്ചു കൂടാ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ട് മോദി സര്‍ക്കാരിന്റെ റോഹിംഗ്യ വിരുദ്ധ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഒവൈസി നടത്തിയത്.
തസ്ലീമ നസ്‌റിന് പ്രധാനമന്ത്രിയുടെ സഹോദരിയാവാമെങ്കില്‍ റോഹിംഗ്യകള്‍ക്ക് എന്തു കൊണ്ട് അദ്ദേഹത്തിന്റെ സഹോദരരായിക്കൂടാ എന്ന് ഒവൈസി ചോദിക്കുന്നു. 1994മുതല്‍ ബംഗ്ലാദേശില്‍ നിന്ന് അഭയം തേടി ഇന്ത്യയില്‍ കഴിയുകയാണ് തസ്ലീമ നസ്‌റിന്‍.
'എല്ലാം നഷ്ടപെട്ട് ഒരു ജനതയെ മടക്കിയയക്കുന്നത് മനുഷ്യത്വമാണോ. ഇത് തെറ്റല്ലേ. ഏത് നിയമത്തിന്റെ കൂട്ടുപിടിച്ചാണ് ഇന്ത്യയിലെത്തിയ റോഹിംഗ്യകളെയെല്ലാം സര്‍ക്കാരിന് തിരിച്ചയയ്ക്കാന്‍ സാധിക്കുന്നത്', അദ്ദേഹം ചോദിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ യുഎന്നില്‍ സ്ഥിരാംഗത്വം നേടാനുള്ള രാജ്യത്തിന്റെ സാംഗത്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
'ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. അതില്‍ പലരും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിരുന്നിട്ടും സര്‍ക്കാര്‍ ഇവരെ തിരിച്ചയയ്ക്കുന്നില്ല. ബംഗ്ലാദേശ് രൂപവത്കരണത്തിനു ശേഷം ചക്മ വിഭാഗം ഇന്ത്യയിലേക്ക് കുടിയേറിയിട്ടുണ്ട്.അവരെ അഭയാര്‍ഥികളായി സ്വീകരിച്ച രാജ്യം എന്ത് കൊണ്ട് റോഹംഗ്യകളെ തഴയുന്നു' വെന്നും ഒവൈസി ചോദിക്കുന്നു.
'ഒരുലക്ഷത്തിലധികം തിബറ്റന്‍ അഭയാര്‍ഥികളെ സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. തിബറ്റന്‍ ആത്മീയ നേതാവ് ഇന്ത്യക്ക് അതിഥിയാണ്. പക്ഷെ റോഹിംഗ്യകളോട് ആ നിലപാടില്ല', അദ്ദേഹം കുറ്റപ്പെടുത്തുന്നു.