ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ജെയ്‌ഷെ മുഹമ്മദുള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ്ധവ, ഫലായി ഇന്‍സാനിയത് തുടങ്ങിയ ഭീകര സംഘടനകളെ നിരോധിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല.
ഭീകര സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് പാക് ആഭ്യന്തര മന്ത്രി ഫവാദ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, പാകിസ്താനിലെ നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി പുറത്തിറക്കിയ പട്ടികയില്‍ ജമാഅത്ത് ഉദ്ദവ, ഫലായി ഇന്‍സാനിയാത് എന്നിവയെ നിരോധിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
പകരം ഇവയെ നിരീക്ഷണ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ നിരോധിച്ചേക്കുമെന്ന് പാകിസ്താന്‍ ഫെബ്രുവരി 21 ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. പാരിസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്താനെതിരെ ഭീകരാവ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടാകുമെന്ന് പാകിസ്താന്‍ അറിയിച്ചത്.
68 സംഘടനകളെയാണ് പുതുക്കിയ തീരുമാനപ്രകാരം നിരോധിച്ചിരിക്കുന്നത്. ഇതില്‍ ഹാഫിസ് സയിദിന്റെ ലഷ്‌കര്‍ ഇ തോയിബ, പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെപേരുമുണ്ട്. ഇവയെ മുമ്പും നിരോധിച്ചിട്ടുള്ളതാണെങ്കിലും പാകിസ്താനില്‍ ഇവ നിര്‍ബാധം പ്രവര്‍ത്തിക്കുന്നുമുണ്ട്.
നിരോധിച്ച സംഘടകളില്‍ 11 എണ്ണവും ബലൂചിസ്താനെ പാകിസാതാനില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണെന്നതാണ് ശ്രദ്ധേയം.
Content Highlights: After saying it will, Pakistan does not ban Hafiz Saeed's JuD & FiF