തായ്‌പെയ്: എല്ലാരും ഓര്‍മകളില്‍ ജീവിക്കുമ്പോള്‍ ഇരുപത്താറുകാരനായ ചെന്‍ ഹോങ് ഷി മറവികളിലാണ് ജീവിക്കുന്നത്. ഒമ്പതു വര്‍ഷം മുന്‍പുണ്ടായ അപകടത്തില്‍ ചെന്നിന് നഷ്ടമായത് സ്വന്തം ഓര്‍മകളാണ്. വളരെ ചുരുങ്ങിയ സമയത്തേക്ക്, വെറും പത്തു നിമിഷങ്ങള്‍ക്കപ്പുറത്തേക്ക് ഓര്‍മകള്‍ നിലനിര്‍ത്താന്‍ കഴിയാത്ത ചെന്‍ അത് രേഖപ്പെടുത്തി വെയ്ക്കാന്‍ കൈയിലൊരു നോട്ടുബുക്ക് കരുതും. ഓരോ സംഭവങ്ങളും നീലമഷിപ്പേന കൊണ്ടെഴുതി വെക്കുന്ന ചെന്നിനെ കുറിച്ചറിയുമ്പോള്‍ നമുക്കോര്‍മ വരുന്ന ഒരു കഥാപാത്രമുണ്ട്, ഗജിനി എന്ന തമിഴ് സിനിമയിലെ സഞ്ജയ്.
അറുപത്തഞ്ചുകാരിയായ രണ്ടാനമ്മ വാങ് മിയാവോ ക്യോങിനൊപ്പം തായ്‌വാനിലെ ഓരുള്‍ഗ്രാമത്തിലാണ് ചെന്‍ താമസിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ധനസഹായത്തെ ആശ്രയിച്ചാണ് അച്ഛന്റെ മരണശേഷം ചെന്നും അമ്മയും ജീവിക്കുന്നത്. പഴങ്ങളുടേയും പച്ചക്കറികളുടേയും ചെറിയതോതിലുള്ള കൃഷിയുമുണ്ട്. കൃഷിയില്‍ നിന്ന് കിട്ടുന്ന സാധനങ്ങള്‍ അയല്‍വാസികള്‍ക്ക് നല്‍കി പകരം മറ്റവശ്യവസ്തുക്കള്‍ ഇവര്‍ വാങ്ങുകയും ചെയ്യുന്നു. അയല്‍പക്കത്തുള്ളവര്‍ ചെന്നിനെ വിളിക്കുന്നത് നോട്ട്ബുക്ക് ബോയ് എന്നാണ്.
ഒരു നോട്ടുപുസ്തകം ഒരിക്കല്‍ കാണാതെപോയതിനെ തുടര്‍ന്ന് ഏറെ വിഷമിച്ചതും അച്ഛനത് കണ്ടെത്തി കൊടുത്തതും ചെന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാലു കൊല്ലം മുന്‍പാണ് ചെന്നിന്റെ അച്ഛന്‍ മരിച്ചത്. തന്റെ നോട്ടുബുക്കില്‍ രേഖപ്പെടുത്തിയ കുറിപ്പുകളുടെ സഹായത്തോടെ കാണാതായ മൊബൈല്‍ഫോണ്‍ കണ്ടെത്തിയ ചരിത്രവുമുണ്ട് ചെന്നിന്.
അപകടത്തില്‍ തലയ്ക്ക് സാരമായ പരിക്കേറ്റ ചെന്നിന്റെ ഹൈപ്പോകാംപസ് എന്ന മസ്തിഷ്‌കഭാഗത്തിന് ക്ഷതം സംഭവിച്ചു. ഓര്‍മകളെ നിയന്ത്രിക്കുന്ന മസ്തിഷ്‌കഭാഗമാണ് ഹൈപ്പോകാംപസ്. മസ്തിഷ്‌കത്തിന്റെ നല്ലൊരു ഭാഗം അപകടത്തെ തുടര്‍ന്ന് നീക്കം ചെയ്തിരുന്നു. ചെന്നിന്റെ മസ്തിഷ്‌കം അപകടത്തിന് ശേഷമുള്ള അവസ്ഥയുമായി താരതമ്യം ചെയ്താല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചികിത്സിക്കുന്ന ഡോക്ടറുടെ അഭിപ്രായം.
മസ്തിഷ്‌കത്തിന്റെ ഭൂരിഭാഗം നഷ്ടമായ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും സാധ്യമായതാണ് ചെന്‍ ചെയ്യുന്നുവെന്ന് ഡോ. ലിന്‍ മിങ്-ടെങ് പറയുന്നു. വിവരങ്ങള്‍ സ്വീകരിക്കാനും ക്രമീകരിക്കാനും ചെന്നിന് അസാധ്യമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രണ്ടാനമ്മയാണെങ്കിലും വാങുമായി ചെന്നിന് പിരിയാനാവാത്ത ബന്ധമാണുള്ളത്. വാങിനും അങ്ങനെതന്നെ. സ്വന്തം നാടായ ഇന്തോനേഷ്യയിലേക്ക് തിരികെ പോണമെന്നാഗ്രഹമുണ്ടെങ്കിലും ചെന്നിനെ ഒറ്റയ്ക്കാക്കി പോകാനാവില്ലെന്ന് വാങ് ആവര്‍ത്തിക്കുന്നു. തന്റെ മരണശേഷം ചെന്‍ എന്തു ചെയ്യുമെന്നോര്‍ത്താണ് തന്റെ സങ്കടമെന്നും ഇവര്‍ പറയുന്നു.