ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കാണാതായ ഇന്ത്യക്കാരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം പ്രതീക്ഷിക്കുകയാണെന്നും നിലവില്‍ സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ കാണാതായതായി വിവിധ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചിട്ടുള്ളതായും സ്ഥാനപതി വ്യക്തമാക്കി. കാണാതായതായി വിവരം ലഭിച്ചവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ടുവരികയാണെന്നും ഇവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ശനിയാഴ്ചയോടെ മാത്രമേ ലഭ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വൈകാരിക വിഷയമായതിനാല്‍ കൃത്യവും വിശ്വസനീയവുമായ വിവരം ലഭിക്കാതെ മരിച്ചവരുടെ പേരുവിവരങ്ങളും എണ്ണവും പുറത്തുവിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 39 പേര്‍ ഇവിടെ കൊല്ലപ്പെട്ടു. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു.
മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഓസ്ട്രേലിയന്‍ വംശജരായ നാലുപേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ കാറുകളിലായി സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്.
Content Highlights: 9 Indian-Origin People Missing After Mosque Shootings, New Zealand shooting