തായ്‌പേയ്: പല തരത്തിലുള്ള വിലാപയാത്രകള്‍ നമ്മള്‍ കട്ടിട്ടുണ്ട്. ദേശവും സംസ്‌കാരവും മാറുന്നതിനനുസരിച്ച് അതിന്റെ രൂപത്തിലും സ്വഭാവത്തിലും മാറ്റംവരും. ചിലരെ കരഞ്ഞ് കൊണ്ട് യാത്രയയക്കും, മറ്റ് ചിലരെ പാട്ടും പാടി ചെണ്ടകൊട്ടി യാത്രയയക്കും. എന്നാല്‍ അവസാന യാത്ര കുറെ സുന്ദരികളായ പോള്‍ ഡാന്‍സേഴ്‌സിന്റെ അകമ്പടിയോടെയായാലോ..? അങ്ങനെയൊരു വിലാപയാത്രയ്ക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് തായ്‌വാനിലെ ജനങ്ങള്‍.
തായ്‌വാനിലെ രാഷ്ട്രീയ നേതാവായിരുന്ന ടുങ് സ്യാങ്ങിനാണ് ഇങ്ങനെയൊരു വിചിത്രമായ വിലാപയാത്ര ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ടുങ് സ്യാങ് തന്റെ 76-ാമത്തെ വയസില്‍ തായ് വാനിലെ ജനങ്ങളോട് വിടപറഞ്ഞത്. എന്നാല്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് നല്ല കടും നിറത്തിലുള്ള അമ്പത് ജീപ്പിന് മുകളില്‍ കയറി അമ്പത് സുന്ദരികള്‍ ഡാന്‍സ് ചെയ്ത് കൊണ്ടാണ് അന്ത്യയാത്ര നല്‍കിയത്. ഇതിന് പുറമെ ബാന്റ്‌മേളവും മാര്‍ച്ച് പാസ്റ്റുമായി സംഭവം 'കളറാ'ക്കുകയും ചെയ്തു.
എല്ലായ്‌പ്പോഴും തമാശയെ ഇഷ്ടപ്പെട്ട ടുങ് സ്യാങ്ങിന് തങ്ങള്‍ക്ക് നല്‍കാനാവുന്ന ഏറ്റവും നല്ല ബഹുമാനമാണ് ഇത്തരത്തിലൊരു അന്ത്യയാത്രയെന്നാണ് ടുങ് സ്യാങ്ങിന്റെ കുടുംബക്കാര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സ്ഥലത്തെ പ്രാദേശിക കൗണ്‍സിലറാണ് മരിച്ച ടുങ്ങ് സ്യാങ്. തന്നെ അടക്കം ചെയ്യുന്നതിന് മുന്നെ ഇങ്ങനെയൊരു അന്ത്യയാത്ര നല്‍കണമെന്നത് ടുങ്ങ് സ്യാങ്ങിന്റെ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിലാപയാത്ര 'ആഘോഷം' കഴിഞ്ഞയുടന്‍ ടുങ് സ്യാന്‍ ഒരിക്കല്‍ കൂടെ മരിച്ചിരുന്നെങ്കില്‍ എന്ന് കമന്റടിക്കുന്നുവരും ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ പറയുന്നു.