ദമാസ്‌കസ്: സിറിയയിലെ പൗരാണിക നഗരമായ പല്‍മിറയുടെ പൂര്‍ണ നിയന്ത്രണം ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. നഗരത്തില്‍നിന്ന് സിറിയന്‍ സൈന്യം പൂര്‍ണമായും പിന്മാറിയെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. യുനസ്‌കോയുടെ ലോക പൈതൃക പട്ടിയില്‍ ഇടംനേടിയിട്ടുള്ള പല്‍മിറയിലെ പൗരാണിക പ്രതിമകള്‍ ഭീകരര്‍ തകര്‍ക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നഗരത്തിന്റെ വടക്കന്‍ പ്രദേശത്തിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഭീകരര്‍ ശക്തമായ പോരാട്ടം നടത്തി നഗരം പൂര്‍ണമായും കീഴടക്കി. പോരാട്ടത്തിനിടെ സിറിയ പൗരന്മാരെ ഇവിടെനിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ ഭീകരര്‍ പലതവണ സ്‌ഫോടനങ്ങള്‍ നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നഗരത്തിലെ നിരവധി പൗരാണിക പ്രതിമകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍ പൗരാണിക കെട്ടിടങ്ങളുടെ വലിപ്പമേറിയ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് നീക്കാന്‍ കഴിഞ്ഞിട്ടില്ല. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നത് തടയണമെന്ന് സിറിയ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രാചീന ലോകത്തെ ഏറ്റവും പ്രധാന സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പല്‍മിറ നഗരം.
Share this Article