സത്യം കയ്ക്കുന്നതാണെന്ന് തമിഴകത്ത് ബിജെപി ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജോസഫ് വിജയ് എന്നാണ് ആ സത്യത്തിന്റെ പേര്. ജോസഫ് വിജയ് എന്നു പറഞ്ഞാല്‍ ആരാണയാള്‍ എന്ന ചോദ്യമുയരുക സ്വാഭാവികമാണ്. കാരണം തമിഴില്‍ വിജയ് എന്ന ചലച്ചിത്ര നടനുണ്ടെന്നു മാത്രമായിരുന്നു ഇതുവരെ സാമാന്യ ജനം അറിഞ്ഞിരുന്നത്. അയാള്‍ വിജയ് അല്ലെന്നും ജോസഫ് വിജയ് ആണെന്നും ബിജെപിയുടെ ദേശീയ സെക്രട്ടറി എച്. രാജ കണ്ടെത്തിയിരിക്കുന്നു. ചില പരസ്യ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പറയുന്ന ആ അസഹനീയമായ വാക്കുണ്ടല്ലോ '' വൗ ... '' അതുപയോഗിച്ചു മാത്രമേ രാജയുടെ ഈ ഹിമാലയന്‍ കണ്ടെത്തലിനെ വിശേഷിപ്പിക്കാനാവൂ.
ജി എസ് ടി എന്ന ചരക്ക് സേവന നികുതിയെക്കുറിച്ച് വിജയ് നായകനായ ചിത്രം ' മെര്‍സല്‍ ' ഉന്നയിച്ച വിമര്‍ശമാണ് രാജയെ പ്രകോപിപ്പിച്ചത്. ബിജെപി സര്‍ക്കാരിനെ പേരെടുത്ത് ഈ സിനിമയില്‍ വിമര്‍ശിക്കുകയോ ആക്ഷേിപിക്കുകയോ ചെയ്യുന്നില്ല. സംവിധായകന്‍ ശങ്കറിന്റെ ശിഷ്യനായ ആറ്റ്‌ലിയാണ് മെര്‍സലിന്റെ സംവിധായകന്‍. മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ സിനിമികളില്‍ ശങ്കര്‍ നടത്തിയ ചില കസര്‍ത്തുകള്‍ മറിച്ചിട്ട് പെരുക്കുന്ന ഒരു സാധാരണ മസാല സിനിമയാണ് മെര്‍സല്‍ എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ സിനിമയാണ് ഇപ്പോള്‍ ബിജെപിയുടെ ' അത്യുത്സാഹം ' കാരണം ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.
രാജയുടെ കാഴ്ചപ്പാട് ബിജെപിയുടെ കാഴ്ചപ്പാടാണ്. ഒരു ബിജെപി നേതാവും ഇതുവരെ രാജയുടെ അഭിപ്രായം തള്ളിപ്പറഞ്ഞിട്ടില്ല. എതിരാളികള്‍ ഉന്നയിക്കുന്ന വിമര്‍ശം അയാളുടെ ജാതകം മുന്നില്‍വെച്ച് നേരിടുന്ന കലാപരിപാടി പുതിയതൊന്നുമല്ല. ചരിത്രത്തിന്റെ ഏടുകളില്‍ ഇതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്. 60 കളുടെ ആത്മകഥ എന്ന പേരില്‍ 1960 കളെക്കുറിച്ചുള്ള രചനയില്‍ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ താരിഖ് അലി ലണ്ടനിലെ തെരുവകളില്‍ താന്‍ നേരിടേണ്ടി വന്നിട്ടുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ച് പറയുന്നുണ്ട്.
വിയറ്റ്‌നാമിലെ അമേരിക്കന്‍ അധിനിവേശത്വത്തിനെതിരെയും ബൊളീവിയയിലെയും പാരീസിലെയും വിപ്ലവങ്ങള്‍ക്കനുകൂലമായും ലണ്ടനില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍നിരയിലുണ്ടായിരുന്ന താരിഖ് അലിയോട് എതിരാളികള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടുകൊണ്ടിരുന്നത് പാക്കിസ്താനിലേക്ക് തിരിച്ചു പോവാനാണ്. പാക്കിസ്താനിലെ ലാഹോറില്‍ നിന്നും ലണ്ടനിലെത്തിയ താരിഖിന്റെ വേരുകളെ ആക്രമിക്കുന്നതാണ് താരിഖ് എന്ന വിപ്ലവകാരിയെ തളര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ന്ന മാര്‍ഗ്ഗമെന്ന് എതിരാളികള്‍ക്കറിയാമായിരുന്നു.
തമിഴകത്ത് ബിജെപി വല്ലാത്തൊരു ഗതികേടിലാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനിയിപ്പോള്‍ അധികം ദൂരമില്ല. തിരഞ്ഞെടുപ്പുകള്‍ അനാവശ്യമാണെന്നും അടുത്ത 10 കൊല്ലം കൂടി ഇന്ത്യ ഭരിക്കാനുള്ള അധികാരം ഇന്ത്യന്‍ ജനത മോദിക്ക് നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നുമൊക്കെ ബിജെപി സ്വപ്‌നം കാണുന്നുണ്ടെങ്കിലും 2019 ബിജെപിയെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തരേന്ത്യയില്‍ 2014 ല്‍ നടത്തിയ ഗംഭീര പ്രകടനം ആവര്‍ത്തിക്കാനാവുമന്നെ് ബിജെപി നേതൃത്വം ഇപ്പോള്‍ കരുതുന്നുണ്ടാവില്ല. ഗുജറാത്തില്‍ 25 സീറ്റില്‍ 25 ഉം , രാജസ്ഥാനില്‍ 26 ല്‍ 26 ഉം, യുപിയില്‍ 80 ല്‍ 71 ഉം , ബിഹാറില്‍ 40 ല്‍ 22 ഉം ഡെല്‍ഹിയില്‍ ഏഴില്‍ ഏഴും ബിജെപി പിടിച്ചിരുന്നു. ഈ നേട്ടം 2019 ല്‍ ആവര്‍ത്തിക്കുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം അത്യധികം പ്രയാസകരമാണ്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമുണ്ട്.
സാമ്പത്തിക മേഖലയിലെ തിരിച്ചടികള്‍ വര്‍ഗ്ഗീയവത്കരണത്തിലൂടെ മറികടക്കുക എന്നത് ബിജെപിയുടെ എക്കാലത്തെയും തന്ത്രങ്ങളിലൊന്നാണ്. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരാളെപ്പോലും സ്ഥാനാര്‍ത്ഥിയാക്കാതെ ബിജെപി കളിച്ച കളി ഓര്‍ക്കുക. യുപിയില്‍ 19 ശതമാനം വരുന്ന മുസലിം ജനതയ്ക്ക് ഒരു പ്രാതിനിധ്യവും ഭരണത്തില്‍ വേണ്ടെന്ന പരസ്യ നിലപാടെടുക്കുമ്പോള്‍ മതേതരത്വം എന്ന അടിസ്ഥാന ഇന്ത്യന്‍ വികാരം ബലികൊടുക്കുന്നതിന് ബിജെപിക്ക് ഒരു മനസ്സാക്ഷിക്കുത്തുമുണ്ടായിരുന്നില്ല. ഇതിപ്പോള്‍ തമിഴകത്തും അതേ കളി തന്നെ കളിക്കാനാണ് ബിജെപി തയ്യാറെടുക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സംഘടനാ ശക്തി ഏറ്റവും ദുര്‍ബ്ബലമായ ഇടമാണ് തമിഴകം. ദ്രാവിഡ പ്രസ്ഥാനങ്ങളുടെ സമസ്ത ഓര്‍മ്മകളും ബലികൊടുത്തുകൊണ്ട് 1998 ലും 99 ലും എഐഎഡിഎംകെയും ഡിഎംകെയും മാറി മാറി സഖ്യമുണ്ടാക്കിയതുകൊണ്ടുമാത്രമാണ് ബിജെപിക്ക് തമിഴകത്ത് വേരു പടര്‍ത്താനായത്.
ജയലളിതയുടെ മരണശേഷം ബിജെപി തമിഴനാട്ടില്‍ കളിച്ചത് ഒരു ഒന്നൊന്നര കളിയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ പിന്തുണയോടെ എഐഎഡിഎംകെയെ ഛിന്നഭിന്നമാക്കിയാണ് ബിജെപി അധീശത്വമുറപ്പിച്ചത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഗതാഗത മന്ത്രിയും എഐഎഡിഎംകെ നേതാവുമായ ബാലാജി പറഞ്ഞത് പ്രധാനമന്ത്രി മോദി കൂടെയുള്ളപ്പോള്‍ എഐഎഡിഎംകെയെ എന്തെങ്കിലും ചെയ്യാന്‍ ആര്‍ക്കുമാവില്ലെന്നാണ്. ഈ അമിതമായ ആത്മവിശ്വാസത്തിനാണ് മെര്‍സല്‍ ക്ഷതമേല്‍പിച്ചിരിക്കുന്നത്.
പ്രതിപക്ഷമായിരിക്കേണ്ട പത്രങ്ങളും ചാനലുകളും നിശ്ശബ്ദത പാലിക്കുന്നതിനിടെ ഒരു സാധാരണ തമിഴ് മസാല സിനിമയില്‍ നിന്ന് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ആ പ്രഹരമാണ് കയ്‌പേറിയ സത്യങ്ങളിലേക്ക് ബിജെപിയെ നയിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരു ജോസഫ് വിജയില്‍ മാത്രം ഒതുങ്ങാനുള്ള സാദ്ധ്യത കുറവാണ്. ഇനിയങ്ങോട്ട് പലരുടെയും മുഴുവന്‍ പേരുകളും ബിജെപി നേതൃത്വം ചികഞ്ഞെടുത്തുകൊണ്ടേയിരിക്കും. ജിഎസ്ടിയല്ല അയോദ്ധ്യയാണ് ആത്യന്തികമായി വോട്ടുകള്‍ നേടിത്തരുക എന്ന് വിശ്വസിക്കുന്നവര്‍ സഞ്ചരിക്കാന്‍ മറ്റു വഴികള്‍ തിരഞ്ഞെടുക്കുമെന്ന് കരുതുന്നത് മണ്ടത്തരമായിരിക്കും.