തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്. രാജ്യത്ത് ഇടനിലക്കാരില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് ശരിയാണ്. പ്രധാനമന്ത്രി തന്നെയാണ് ഇടനിലക്കാരനെന്ന് യെച്ചൂരി ആരോപിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സേനകളുണ്ട്. അവര്‍ അക്രമം അഴിച്ചുവിടുന്നു. കേരളത്തില്‍ മാത്രമാണ് മതനിരപേക്ഷ സമൂഹമുള്ളത്. അതിനാല്‍ ആര്‍എസ്എസ് കേരളത്തെ ലക്ഷ്യമിടുന്നുവെന്നും യെച്ചൂരി പറഞ്ഞു.
അക്രമരാഷ്ട്രീയം സിപിഎം നയമല്ല. എന്നാല്‍, പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ചാല്‍ പ്രതിരോധിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. സിപിഎം അക്രമം നടത്തുന്നുവെന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നു. ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാനുള്ള ശക്തി സിപിഎമ്മിന് ഉള്ളതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഎം. ഹിറ്റ്‌ലര്‍ ചെങ്കൊടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍, സോവിയറ്റ് യൂണിയന്റെ ചെങ്കൊടി ഹിറ്റ്‌ലര്‍ക്കുമേല്‍ ഉയര്‍ന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയും ചെങ്കൊടി ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍, തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും ത്രിപുരയിലും കേരളത്തിലും പാര്‍ട്ടി വന്‍വിജയമാണ് നേടിയത്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായി മാറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് സിപിഎമ്മിന്റെ കരുത്തെന്ന് മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് അറിയില്ല. മാധ്യമങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. എന്നാല്‍, വിവരങ്ങള്‍ വളച്ചൊടിച്ചല്ല ജനങ്ങളില്‍ എത്തിക്കേണ്ടതെന്ന് മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.