ഹൈദരാബാദ്: സി.പി.എം. ജനറല്‍ സെക്രട്ടറിപദത്തില്‍ രണ്ടാംവട്ടവും പൊരുതിക്കയറിയ സീതാറാം യെച്ചൂരിയെ കാത്തിരിക്കുന്നത് അത്ര നല്ലദിനങ്ങളല്ല. വെല്ലുവിളി നിറഞ്ഞതാവും ഇനിയുള്ള മൂന്നുവര്‍ഷം. അത് എല്ലാവരേക്കാളും നന്നായറിയാവുന്നത് യെച്ചൂരിക്കുതന്നെയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ യെച്ചൂരി പറഞ്ഞു: 'വരാനിരിക്കുന്നത് പോരാട്ടങ്ങളുടെ ദിനങ്ങളാണ്'. ആ പോരാട്ടം പാര്‍ട്ടിക്കുപുറത്തു മാത്രമല്ല, അകത്തും വേണ്ടിവരുമെന്നുമാത്രം.
മേല്‍ക്കമ്മിറ്റികളുടെ ഘടനയും സാമൂഹികസാഹചര്യങ്ങളും അതാണ് സൂചിപ്പിക്കുന്നത്. പുതിയ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും മേല്‍ക്കൈ കേരളത്തിന് നിയന്ത്രണമുള്ള കാരാട്ടുപക്ഷത്തിനാണ്. കഴിഞ്ഞതവണയും അങ്ങനെത്തന്നെയായിരുന്നു. മുന്‍പത്തേക്കാള്‍ കൂടുതല്‍പേര്‍ ഇക്കുറി യെച്ചൂരിപക്ഷത്തുണ്ടെന്നുമാത്രം.
ഈ അവസ്ഥയില്‍ കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിന് പ്രയാസമുണ്ടാകും. കേരളം, ത്രിപുര, ഡല്‍ഹി, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ യെച്ചൂരിക്കെതിരേ തുറന്ന നിലപാടിലായിരുന്നു. ഇവയെ അനുനയിപ്പിച്ചല്ലാതെ മുന്നോട്ടുപോകാനാവില്ല; പ്രത്യേകിച്ചും കേരളത്തെ. സി.പി.എമ്മിന് ഭരണമുള്ള ഏകസംസ്ഥാനം കേരളമാണ്. കൂടുതല്‍ അംഗബലവും ഇവിടെത്തന്നെ. അതിനുപുറമേ മേല്‍ക്കമ്മിറ്റികളില്‍ നിര്‍ണായക സ്വാധീനവുമുണ്ട്. ചുരുക്കത്തില്‍ കേരളത്തിന്റെ നിലപാടുകളെ തള്ളി മുന്നോട്ടുപോകാന്‍ ജനറല്‍ സെക്രട്ടറിക്ക് പ്രയാസമായിരിക്കും.
മറ്റൊന്ന്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ നേരിടുകയെന്നതാണ്. പാര്‍ട്ടി വളരെ ക്ഷീണിച്ചിരിക്കുന്ന പരിതസ്ഥിതിയില്‍ പ്രത്യേകിച്ചും. തിരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തിയെടുക്കേണ്ട വലിയ ഉത്തരവാദിത്വം ജനറല്‍ സെക്രട്ടറിയുടെ രാഷ്ട്രീയ സമീപനങ്ങള്‍ക്കാണ്. അദ്ദേഹം ആഗ്രഹിച്ച രീതിയില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനരേഖ മാറ്റിയെഴുതിയ സ്ഥിതിക്ക് ഇത് വലിയ വെല്ലുവിളിയാണ്.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി മതേതരവോട്ടുകള്‍ ഒന്നിപ്പിച്ച് ബി.ജെ.പി.യുടെ വിജയസാധ്യതയ്ക്ക് തടയിടുകയെന്നതാണ് അദ്ദേഹം നിര്‍ദേശിച്ച അടവുനയം. കോണ്‍ഗ്രസിനോട് നേരിട്ടുമത്സരിക്കുന്ന കേരളത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് ഇക്കാര്യത്തില്‍ യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയെടുത്തത്. ഇതനുസരിച്ച് 2018-ല്‍ നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം ഇതിന്റെ പരീക്ഷണശാലകളായിരിക്കും. ഈ തിരഞ്ഞെടുപ്പുകളില്‍ മറ്റുകക്ഷികളുമായി മതേതരചേരി ഉണ്ടാക്കുന്നതിന് മുന്‍കൈയെടുക്കേണ്ട ചുമതലയും യെച്ചൂരിക്കുണ്ട്. ഒപ്പം പാര്‍ട്ടിക്ക് മികച്ച വിജയം ഉറപ്പാക്കുകയുംവേണം.
യെച്ചൂരി ആദ്യതവണ ജനറല്‍ സെക്രട്ടറിയായശേഷം നടന്ന ബംഗാള്‍ തിരഞ്ഞെടുപ്പുഫലം ചൂണ്ടുപലകയായി മുന്നില്‍നില്‍പ്പുണ്ട്. അതുകാണാതെ മുന്നോട്ടുപോകാനാവില്ലെന്നതാണ് അനുഭവപാഠം. അന്ന് യെച്ചൂരിയുടെ താത്പര്യപ്രകാരം ബംഗാളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയായിരുന്നു സി.പി.എം. മത്സരിച്ചത്. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനം ബി.ജെ.പി.ക്കുപിന്നില്‍ നാലാമതായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത്തരമൊരു അനുഭവമുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്.
പുതിയ രാഷ്ട്രീയസമീപനം കേരളത്തിന് ദോഷകരമാകാതിരിക്കുകയുംവേണം. കേരളത്തിനുപുറത്ത് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുകയും ഇവിടെ മറ്റൊരു സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോളുണ്ടാകാവുന്ന രാഷ്ട്രീയ ആശയക്കുഴപ്പത്തെ നേരിടുകയെന്നതും വെല്ലുവിളിതന്നെ.
contrnt highligfhts: sitaram yechury re elected as cpm general secratary