അജയ്യനായി അമരത്ത്


പി.കെ. മണികണ്ഠൻ

2 min read
Read later
Print
Share

പാർട്ടി കോൺഗ്രസിൽ ബി.ജെ.പി.ക്കെതിരേയുള്ള ബദൽരാഷ്ട്രീയനയത്തിനുള്ള അംഗീകാരംനേടി രണ്ടാമങ്കത്തിലും യെച്ചൂരി അജയ്യനായി.

രിത്രത്തിൽ വിപ്ലവഭൂമികയായി അറിയപ്പെടുന്ന തെലങ്കാനയിൽ 22-ാം പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ സി.പി.എം. ജനറൽ സെക്രട്ടറിസ്ഥാനത്ത് യെച്ചൂരി തുടരുമോയെന്ന ആശങ്കയും അഭ്യൂഹവുമുണ്ടായിരുന്നു. പാർട്ടി കോൺഗ്രസിൽ ബി.ജെ.പി.ക്കെതിരേയുള്ള ബദൽരാഷ്ട്രീയനയത്തിനുള്ള അംഗീകാരംനേടി രണ്ടാമങ്കത്തിലും യെച്ചൂരി അജയ്യനായി. സംസ്ഥാനതലത്തിൽ ഒരു പദവിയും വഹിക്കാതെ പാർട്ടിയുടെ സമുന്നത പദവിയിലേക്കുവന്ന നേതാവാണ് യെച്ചൂരി. മികച്ച പ്രസംഗകൻ. ഇംഗ്ലീഷ്, ഹിന്ദി, തെലുഗു, തമിഴ്, ബംഗാളി ഭാഷകളിൽ പ്രാവീണ്യം.

1952 ഓഗസ്റ്റ്‌ 12-ന് ചെന്നൈയിലെ തെലുഗു ബ്രാഹ്മണകുടുംബത്തിലാണ് ജനനം. അച്ഛൻ സർക്കാരിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന സർവേശ്വര സോമയാജുലു യെച്ചൂരി. അമ്മ കൽപ്പാക്കം യെച്ചൂരി സാമൂഹികപ്രവർത്തകയായിരുന്നു. അറുപത്തിയൊമ്പതിൽ പ്രസിഡന്റ് എസ്‌റ്റേറ്റിലെ സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ യെച്ചൂരി ഡൽഹി സെയ്‌ന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. ബിരുദാനന്തര ബിരുദത്തിനും ഗവേഷണത്തിനുമായി ജെ.എൻ.യു.വിൽ ചേർന്നു. ഇവിടെ വെച്ചാണ് മാർക്‌സിസത്തിൽ ആകൃഷ്ടനായത്.

ഇടതുവിദ്യാർഥിസംഘടനകൾക്ക് ശക്തമായ വേരോട്ടമുള്ള ജെ.എൻ.യു. അടിയന്തരാവസ്ഥക്കാലത്ത് തിളച്ചു മറിഞ്ഞപ്പോൾ അദ്ദേഹം തീപ്പൊരിയായി. അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടശേഷം 1977-ൽ ആദ്യമായി നടന്ന വിദ്യാർഥിയൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ. നേതാവ് (ഇന്നത്തെ എൻ.സി.പി. ദേശീയ നേതാവ്) ഡി.പി. ത്രിപാഠി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് യെച്ചൂരിയും ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായിരുന്നു. തൊട്ടടുത്തവർഷം അദ്ദേഹം പ്രസിഡന്റായി. 1978-79 കാലയളവിൽ നടന്ന മൂന്നുതിരഞ്ഞെടുപ്പിലും അദ്ദേഹമായിരുന്നു പ്രസിഡന്റ്. 1978-ൽ എസ്.എഫ്.ഐ. അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി.

അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ൽ പാർട്ടി ആസ്ഥാനം കൊൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക്‌ മാറ്റിയപ്പോൾ യെച്ചൂരി അന്നു പാർട്ടിയിൽ പ്രബലനായ ബി.ടി. രണദിവെയുടെ സഹായിയായി. യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തിയതും വളർത്തിയതും ബസവ പുന്നയ്യയായിരുന്നു. കാരാട്ടിനൊപ്പം യെച്ചൂരിയെയും സി.പി.എം. കേന്ദ്രനേതൃത്വത്തിലേക്ക് കൈപിടിച്ചുയർത്തിയതാവട്ടെ, ഇ.എം.എസും. 1984-ൽ കേന്ദ്രകമ്മിറ്റിയിലെ ക്ഷണിതാവായി. 1985-ലെ 12-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്. രാമചന്ദ്രൻ പിള്ളയ്ക്കുമൊപ്പം കേന്ദ്രകമ്മിറ്റിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ‘88-ൽ പി.ബി.ക്ക്‌ തൊട്ടുതാഴെ പുതുതായി അഞ്ചംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപവത്‌കരിക്കപ്പെട്ടപ്പോൾ അതിലൊരാളായി. 1992-ലെ 14-ാം പാർട്ടി കോൺഗ്രസിൽ കാരാട്ടിനും എസ്.ആർ.പി.ക്കുമൊപ്പം പി.ബി.യിലെത്തി.

ബി.ടി.ആറിന്റെ വിശ്വസ്തനായ യെച്ചൂരി പിന്നീട് അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത്തിന്റെ വലംകൈയായി. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം പാർട്ടി ഏറെ പ്രതിസന്ധി നേരിട്ടകാലത്ത് പഠനരേഖകൾ തയ്യാറാക്കാനും പാർട്ടി വിദ്യാഭ്യാസത്തിനുമൊക്കെ സുർജിത്തിനെ കൈമെയ് മറന്നു സഹായിക്കാൻ യെച്ചൂരിയുണ്ടായിരുന്നു. കോൺഗ്രസിനും ബി.ജെ.പി.ക്കും ബദലായി വി.പി.സിങ് സർക്കാരും ദേവഗൗഡ, ഗുജ്‌റാൾ സർക്കാരുകളുമൊക്കെ യാഥാർഥ്യമാക്കിയത് സുർജിത്തിന്റെ പ്രായോഗികബുദ്ധിയായിരുന്നു. സുർജിത്തിന്റെ മരണശേഷം യു.പി.എ.-ഇടതു ബന്ധത്തിലെ പ്രധാനകണ്ണിയായി യെച്ചൂരി പ്രവർത്തിച്ചു.

ദേശീയരാഷ്ട്രീയത്തിൽ പാർട്ടിയുടെ ഏറ്റവും ശക്തനായ വക്താവാണ് യെച്ചൂരി. 1998-ൽ ജ്യോതിബസുവിന് പ്രധാനമന്ത്രിയാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിന് സി.പി.എം. ഏറെ പഴികേട്ടു. ഇതിനുപിന്നിൽ കാരാട്ടിന്റെയും യെച്ചൂരിയുടെയും സൈദ്ധാന്തികവാശിയായിരുന്നു. സുർജിത്തിനുശേഷം കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായി. പാർട്ടിയുടെ ശോഭനമായ ഭാവിക്ക് കാരാട്ടിന്റെ നേതൃത്വം ഗുണകരമാവുമെന്ന് അന്നു നിലപാടെടുത്ത യെച്ചൂരി പിന്നീട് അദ്ദേഹത്തിന്റെ വിമർശകനായി. പത്തുവർഷത്തിനുള്ളിൽ പാർട്ടിയെ തകർച്ചയിലേക്കു നയിച്ചത് കാരാട്ടിന്റെ നേതൃത്വമാണെന്ന് ഒളിയമ്പുകളെയ്തു.

കേരളത്തിന്റെ ശക്തമായ എതിർപ്പിനെ മുറിച്ചുകടന്നാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറി പദവി. വിദ്യാർഥി നേതാവായിരിക്കേയാണ് യെച്ചൂരിക്കെതിരേ കേരളത്തിന്റെ ആദ്യപടനീക്കം. സി.പി. ജോണിനെ ഭാരവാഹിയാക്കാനുള്ള കേരളത്തിന്റെ സമ്മർദം അതിജീവിച്ചാണ് യെച്ചൂരി എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റാവുന്നത്. പിന്നീട്, പിണറായി വിജയനും വി.എസും തമ്മിലുള്ള ഏറ്റുമുട്ടൽ ദേശീയ നേതൃത്വത്തിലും ചേരിതിരിവുകളിലേക്ക്‌ നയിച്ചു. വി.എസിനെ സംരക്ഷിച്ച് യെച്ചൂരി നിലയുറപ്പിച്ചത്, അദ്ദേഹത്തെ കേരള നേതൃത്വത്തിന്റെ ശത്രുവാക്കി.

ബംഗാൾ ചേരി എതിരായതോടെ കാരാട്ടിന് കേരളത്തിന്റെ പിന്തുണ തേടേണ്ടിവന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയെ തടയുന്നതിൽ കേരളഘടകം ഒറ്റക്കെട്ടായി നിൽക്കുന്നതുവരെ കാര്യങ്ങളെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം അടവുനയം പുനഃപരിശോധിച്ച ചർച്ചകളിലും യെച്ചൂരിയുടെയും കാരാട്ടിന്റെയും വടംവലി പ്രകടമായി. നയമല്ല, നടപ്പാക്കിയതിലാണ് പിഴവെന്നുവാദിച്ച്‌ വിജയിക്കാൻ യെച്ചൂരിക്കായത് പാർട്ടിയിൽ അദ്ദേഹത്തിന്റെ മേൽക്കൈ പ്രകടമാക്കി. ഹൈദരാബാദിൽ യാഥാർഥ്യമായതും ഈ വിജയമായിരുന്നു.

content highlights: sitaram techury re elected as cpm general secratary

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram