ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണത്തിനുള്ള വാദം കേന്ദ്രകമ്മിറ്റി തള്ളിയതിനുപിന്നാലെ, പാര്‍ട്ടി കോണ്‍ഗ്രസും നിരസിച്ചാല്‍ എന്താവും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മുന്നിലുള്ള വഴിയെന്ന് ചോദ്യമുയരുന്നു. സ്വന്തം രാഷ്ട്രീയസമീപനങ്ങള്‍ കേന്ദ്രകമ്മിറ്റിയും പാര്‍ട്ടി കോണ്‍ഗ്രസും തള്ളിയപ്പോള്‍ മുന്‍ ജനറല്‍ സെക്രട്ടറിമാരായ പി. സുന്ദരയ്യയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തും സ്വീകരിച്ച വഴിയില്‍ ഏതാവും യെച്ചൂരി തിരഞ്ഞെടുക്കുകയെന്നതാണ് ചോദ്യം. കേന്ദ്രനേതൃത്വത്തിലെ രൂക്ഷമായ വിഭാഗീയതയാണ് കരടുരാഷ്ട്രീയപ്രമേയത്തിലെ തര്‍ക്കത്തിലേക്ക് നയിച്ചതെന്നത് വിഷയത്തിന്റെ ഗൗരവംകൂട്ടുന്നു.
കരടുരാഷ്ട്രീയപ്രമേയത്തിന്റെ ഭാഗമായുള്ള തന്റെ വാദം പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യെച്ചൂരി. അതുതള്ളിയാല്‍ എന്താവും അടുത്തതെന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നെങ്കിലും ഊഹാപോഹങ്ങളുടെ പിന്നാലെയാണ് മാധ്യമങ്ങളെന്നായിരുന്നു മറുപടി.
എന്നാല്‍, ഔദ്യോഗികപ്രമേയം പാര്‍ട്ടികോണ്‍ഗ്രസ് അംഗീകരിച്ചാല്‍ യെച്ചൂരിക്കുമുന്നില്‍ ധാര്‍മികപ്രശ്‌നം ഉയര്‍ന്നുവരും. ജനുവരിയിലെ കേന്ദ്രകമ്മിറ്റിയില്‍ സ്വന്തം നിലപാട് നിരസിക്കപ്പെട്ടപ്പോള്‍ അദ്ദേഹം രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിപ്പോള്‍ തീരുമാനിക്കേണ്ട വിഷയമല്ലെന്ന് കേന്ദ്രകമ്മിറ്റി നിലപാടെടുത്തു. എന്നാല്‍, പ്രമേയത്തിന്മേല്‍ പാര്‍ട്ടികോണ്‍ഗ്രസ് വെള്ളിയാഴ്ച തീരുമാനമെടുക്കുന്നതോടെ അതിനുള്ള സമയമാവും.
ആര്‍.എസ്.എസ്.ബന്ധമുള്ള ജനസംഘവുമായി അടിയന്തരാവസ്ഥക്കാലത്ത് സഹകരിക്കരുതെന്ന് ജനറല്‍ സെക്രട്ടറി പി. സുന്ദരയ്യ വാദിച്ചപ്പോള്‍ സി.പി.എം. കേന്ദ്രകമ്മിറ്റി അത് തള്ളിയിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരേ ജനസംഘമടക്കം എല്ലാ പ്രതിപക്ഷപാര്‍ട്ടികളുമായും യോജിക്കണമെന്ന് അന്ന് കേന്ദ്രകമ്മിറ്റി തീരുമാനിച്ചപ്പോള്‍ സുന്ദരയ്യ രാജിസന്നദ്ധത അറിയിച്ചു. പിന്നീട്, പാര്‍ട്ടിയുടെ ഒളിവുപ്രവര്‍ത്തനത്തെച്ചൊല്ലിയുള്ള തര്‍ക്കവിഷയത്തില്‍ 1978-ല്‍ അദ്ദേഹം രാജിവെച്ചു.
1996-ലെ പൊതുതിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സര്‍ക്കാരില്‍ ചേരണമെന്നും ജ്യോതിബസുവിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രധാനമന്ത്രിപദം സ്വീകരിക്കണമെന്നും ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത് വാദിച്ചു. എന്നാല്‍, കേന്ദ്രകമ്മിറ്റി അത് തള്ളി. സുര്‍ജിത്തിന്റെ വാദം നിരസിച്ച കേന്ദ്രകമ്മിറ്റി തീരുമാനം 1998-ല്‍നടന്ന പാര്‍ട്ടികോണ്‍ഗ്രസും അംഗീകരിച്ചു. എന്നാല്‍, സുര്‍ജിത് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരണമെന്നായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. 2005 വരെ അദ്ദേഹം തുടര്‍ന്നത് അങ്ങനെയായിരുന്നു. എന്നാല്‍, അന്ന് കേന്ദ്രനേതൃത്വത്തില്‍ ഇന്നത്തെപ്പോലെ വിഭാഗീയത ഉണ്ടായിരുന്നില്ല.
കരടുപ്രമേയത്തില്‍ പിന്തള്ളപ്പെട്ടാല്‍ യെച്ചൂരി ഏതുവഴി സ്വീകരിക്കുമെന്നതാണ് പ്രസക്തം. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിട്ടുള്ള നേതാവാണ് സുന്ദരയ്യ. ദേശീയരാഷ്ട്രീയത്തില്‍ സഖ്യസര്‍ക്കാരുകളുടെ ചാണക്യനായി അറിയപ്പെട്ട ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ വലംകൈയുമായിരുന്നു യെച്ചൂരി. രാഷ്ട്രീയഗുരുക്കളില്‍ ആരുടെ വഴിയിലേക്കാണ് അദ്ദേഹം നീങ്ങുകയെന്നത് ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിര്‍ണയിക്കപ്പെടും.
content highlights: 22nd cpm party congress hydarabad sitaram yechury