ഹൈദരാബാദ്: സി.പി.എം. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സീതാറാം യെച്ചൂരിയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ എതിര്‍ത്തത് പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന തെലങ്കാനയില്‍നിന്നുള്ള നാലുപേര്‍.
സി.ഐ.ടി.യു. പ്രസിഡന്റ് ഡോ. ഹേമലത, അവരുടെ മകനും ഡല്‍ഹി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നേതാവുമായ അരുണ്‍കുമാര്‍, പുണ്യവതി, വീരയ്യ എന്നീ പ്രതിനിധികളാണ് എതിര്‍പ്പു പ്രകടിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാഷ്ട്രീയപ്രമേയം അംഗീകരിക്കുന്നത് എതിര്‍ത്ത ഡല്‍ഹി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മമത അരുണ്‍കുമാറിന്റെ ഭാര്യയാണ്. ചര്‍ച്ചയില്‍ മമത നടത്തിയ പരാമര്‍ശത്തില്‍ ബംഗാള്‍ പ്രതിനിധികള്‍ പ്രതിഷേധിച്ചിരുന്നു.
കമ്മിറ്റിയില്‍ ഇടം പിടിക്കാനല്ല തന്റെ മത്സരം. അഴകൊഴമ്പന്‍ കേന്ദ്രകമ്മിറ്റിയെ നിര്‍ദേശിച്ചതിലാണ് പ്രതിഷേധം. യെച്ചൂരി പക്ഷക്കാരനായ ജോഗേന്ദ്ര ശര്‍മയുടെ പേരിനെ എതിര്‍ത്ത രാകേഷ് സിന്‍ഘ അത്തരക്കാരെ കേന്ദ്രകമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ നടപടിയിലുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് താന്‍ മത്സരിക്കുന്നതെന്നും പ്രഖ്യാപിച്ചു. എന്നാല്‍, പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അദ്ദേഹത്തെ അനുനയിപ്പിച്ചു. നിര്‍ബന്ധത്തിനൊടുവില്‍ രാകേഷ് സിന്‍ഘ മത്സരത്തില്‍നിന്നു പിന്മാറി.
കരടു രാഷ്ട്രീയപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ബി.ജെ.പി.യെ എതിര്‍ക്കുന്നതിന്റെ പേരില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലെ അടവുനയം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ അട്ടിമറിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മാധ്യമങ്ങള്‍ക്കുമുന്നില്‍ മഞ്ഞുരുക്കി വൃന്ദയും സലീമും
ഹൈദരാബാദ്: രാഷ്ട്രീയപ്രമേയം അംഗീകരിച്ചെങ്കിലും കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പുബന്ധമുണ്ടാവില്ലെന്ന വിവാദപരാമര്‍ശം നടത്തിയ വൃന്ദാ കാരാട്ടും അതിനെതിരേ സംസാരിച്ച മുഹമ്മദ് സലീമും മാധ്യമങ്ങള്‍ക്കുമുന്നില്‍ മഞ്ഞുരുക്കി.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപനവേളയില്‍ മാധ്യമങ്ങളെയും പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് വേദിയില്‍ പിന്‍നിരയിലായിരുന്ന മുഹമ്മദ് സലീമിനെ വൃന്ദ തന്റെ അടുത്തേയ്ക്കു വിളിച്ചു. സലീമും താനും തമ്മില്‍ ചേരിതിരിവുണ്ടെന്ന് മാധ്യമ വ്യാഖ്യാനമുണ്ടെന്നും അതു തിരുത്താന്‍ ഒപ്പമിരിക്കണമെന്നുമായിരുന്നു വൃന്ദയുടെ അഭ്യര്‍ഥന. തുടര്‍ന്ന്, സമാപനസമ്മേളനം തീരുന്നതുവരെ വൃന്ദയും സലീമും അടുത്തടുത്ത സീറ്റുകളിലിരുന്നു.
കോണ്‍ഗ്രസുമായി സഹകരിച്ചു ബംഗാള്‍ നേതാക്കള്‍ അടവുനയം ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം ആരോപിച്ച ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധി മമതയ്‌ക്കെതിരേയും ബംഗാള്‍ ഘടകം പ്രതിഷേധിച്ചിരുന്നു. പ്രമേയം അംഗീകരിക്കപ്പെട്ട ശേഷം സംഘടനാ റിപ്പോര്‍ട്ടിലെ ചര്‍ച്ചയ്ക്കിടയിലായിരുന്നു മമതയുടെ വിമര്‍ശനം. തുടര്‍ന്ന്, സമാപനവേളയില്‍ മമതയുടെ വിമര്‍ശനം ശരിയായില്ലെന്നു മറുപടിയില്‍ തിരുത്തലുണ്ടായി.