പ്രായോഗികതയുടെ വിജയം; യെച്ചൂരിയെ കൈവിടാതെ സി പി എം


കെ എ ജോണി

2 min read
Read later
Print
Share

കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തി സമകാലിക ഇന്ത്യയില്‍ ബിജെപിക്കെതിരെ ഒരു മുന്നേറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വത്തിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പ്രശ്നം കോണ്‍ഗ്രസ്സുമായി സഖ്യം വേണോ നീക്കുപോക്കുകള്‍ വേണമോയെന്നതിലായിരുന്നു. കോണ്‍ഗ്രസ്സുമായി സഖ്യമെന്നാല്‍ അത് സിപിഎമ്മിന്റെ അടിത്തറ തകര്‍ക്കുന്ന നീക്കമായിരിക്കും.

പി.സുന്ദരയ്യയാവില്ല സീതാറാം യെച്ചൂരിയെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. 1970 കളിലെ സി പി എം അല്ല ഇപ്പോഴത്തെ സി പി എം എന്നതും തെളിഞ്ഞുനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. പാര്‍ട്ടിക്ക് യെച്ചൂരിയേയോ യെച്ചൂരിക്ക് പാര്‍ട്ടിയേയോ കൈ വിടാനാവുമായിരുന്നില്ല. കൈവിട്ട കളികള്‍ സി പി എമ്മില്‍ പലപ്പോഴുമുണ്ടായിട്ടുണ്ട്. സുന്ദരയ്യ പിന്മാറിയപ്പോള്‍ പാര്‍ട്ടിയില്‍ നേതൃത്വപ്രതിസന്ധിയുണ്ടായില്ല. ഇ എം എസും ബാസവപുന്നയ്യയും പിന്നെ പാര്‍ട്ടിയിലെ എക്കാലത്തെയും ഗ്ലാമര്‍ താരം ജ്യോതിബസുവും പോലുള്ള നേതാക്കള്‍ അന്ന് പാര്‍ട്ടിയെ നയിക്കാനുണ്ടായിരുന്നു.

ഏതു റിവിഷനിസവും നേരിടാന്‍ സദാ ജാഗരൂകനായി സഖാവ് ബി ടി രണദിവെ പോളിറ്റ് ബ്യൂറോയിലുണ്ടായിരുന്നുവെന്നതും മറക്കാനാവില്ല. ശത്രുവുമായി ഒരേയൊരു അനുരഞ്ജനമേയുള്ളുവെന്നും അത് അവനെ തകര്‍ക്കുക എന്നാണെന്നും പറഞ്ഞ ലെനിന്റെ ഛായാചിത്രം അലങ്കരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ഒത്തുതീര്‍പ്പിന്റെ വഴികളിലേക്ക് സിപിഎം എത്തുന്നുവെന്നത് പ്രായോഗികതയുടെ വിജയമാണെന്ന് മാത്രമേ വിലയിരുത്താനാവൂ. അതായത് ഏതെങ്കിലും നേതാവിന്റെ വിജയമല്ല മറിച്ച് സി പി എം എന്ന പാര്‍ട്ടിയുടെ വിജയമാണ് എന്ന് സാരം.

അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ജനസംഘുമായി കൈകോര്‍ക്കുന്നതിനെതിരെയാണ് സുന്ദരയ്യ നിലപാടെടുത്തത്. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ ആവേശമായി ജെ പിയുടെ നേതൃത്വത്തില്‍ ഇന്ദിരയ്ക്കും അടിയന്തരാവസ്ഥയ്ക്കുമെതിരെ അതിശക്തമായ ജനകീയ മന്നേറ്റമുണ്ടാവുന്നത് കണ്ടില്ലെന്നു നടിക്കാന്‍ പാര്‍ട്ടിക്കാവുമായിരുന്നില്ല. ക്വിറ്റ് ഇന്ത്യാ സമരകാലത്തും ചൈനീസ് ആക്രമണ കാലത്തും എടുത്ത നിലപാടുകള്‍ ചരിത്ര പാഠങ്ങളായി പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുണ്ടായിരുന്നു.

ജെ പിയെ അവഗണിച്ചുകൊണ്ട് ഇന്ദിരയ്ക്കെതിരെയുള്ള പോരാട്ടം ഒരിടത്തെത്തുമില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി അന്ന് സുന്ദരയ്യയുടെ നിലപാടിനൊപ്പം നീങ്ങാതിരുന്നത്. ഗാന്ധി വധത്തിന്റെ കരിനിഴലില്‍നിന്ന് വിമോചിതമാവുന്നതിനുള്ള സുവര്‍ണ്ണാവസരമാണ് ജെ പി ജനസംഘിന് നല്‍കിയതെന്നത് പക്ഷെ, പിന്നീടുള്ള ചരിത്രമാണ്. പ്രത്യയശാസ്ത്രവും പ്രായോഗികതയും മുഖാമുഖം വരുമ്പോള്‍ ഏതൊരു പാര്‍ട്ടിയും നേരിടുന്ന പ്രതിസന്ധിയാണിത്. ഹൈദരാബാദില്‍ പ്രായോഗികതയുടെ വഴിയിലൂടെ നടക്കാന്‍ സിപിഎം തയ്യാറായതും ഈ അനുഭവങ്ങളുടെ വെള്ളി വെളിച്ചത്തിലാണ്.

കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തി സമകാലിക ഇന്ത്യയില്‍ ബിജെപിക്കെതിരെ ഒരു മുന്നേറ്റത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് സി പി എം നേതൃത്വത്തിന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. പ്രശ്നം കോണ്‍ഗ്രസ്സുമായി സഖ്യം വേണോ നീക്കുപോക്കുകള്‍ വേണമോയെന്നതിലായിരുന്നു. കോണ്‍ഗ്രസ്സുമായി സഖ്യമെന്നാല്‍ അത് സി പി എമ്മിന്റെ അടിത്തറ തകര്‍ക്കുന്ന നീക്കമായിരിക്കും.

കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയ സി പി ഐ ഇന്നിപ്പോള്‍ എന്തവസ്ഥയിലാണുള്ളതെന്ന് കണ്ടറിയാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോവേണ്ട കാര്യം രാഷ്ട്രീയം പഠിക്കാന്‍ തുടങ്ങുന്ന പിള്ളേര്‍ക്കു പോലുമില്ല. വലതുപക്ഷവുമായി സഖ്യമെന്ന ആശയം നടപ്പിലായാല്‍ അത് ഇടതുപക്ഷത്തിന്റെ വാട്ടര്‍ലൂ ആയിരിക്കുമെന്നതില്‍ കാരാട്ടിനു മാത്രമല്ല യെച്ചൂരിക്കും സംശയമുണ്ടാവില്ല. പക്ഷേ, നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിനെ ഒഴിച്ചു നിര്‍ത്തി ബിജെപിക്കെതിരെ ഒരു വിശാലമുന്നണി സാദ്ധ്യവുമല്ല. ഇവിടെയാണ് സി പി എം നേതൃത്വം പ്രായോഗികതയുടെ പാതയിലൂടെ നടക്കാന്‍ തീരുമാനിച്ചത്.

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ രഹസ്യ ബാലറ്റുണ്ടായാല്‍ വിജയം യെച്ചൂരിക്കായിരിക്കുമെന്ന് പാര്‍ട്ടിയെ അറിയാവുന്നവര്‍ ഒരിക്കലും പറയില്ല. കൊല്‍ക്കത്തയിലെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ യെച്ചൂരിക്കുണ്ടായ തിരിച്ചടി തന്നെയാവും പരസ്യ ബാലറ്റായാലും രഹസ്യ ബാലറ്റായാലുമുണ്ടാവുക. പക്ഷെ, ഇത്തരമൊരു തിരിച്ചടിയുണ്ടായാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുക യെച്ചൂരിക്ക് ബുദ്ധിമുട്ടാവും.

പാര്‍ട്ടിയുടെ തലപ്പത്ത് യെച്ചൂരി വേണമെന്ന് ഒരു പക്ഷെ, യെച്ചൂരിയേക്കാള്‍ നിര്‍ബ്ബന്ധം കാരാട്ടിനായിരിക്കും. സുന്ദരയ്യയെയും ഇ എം എസ്സിനെയും സുര്‍ജിത്തിനെയുമൊക്കെ വളരെ അടുത്തു നിന്നു കണ്ടിട്ടുള്ള കാരാട്ട് 70കളില്‍ ജെ എന്‍ യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരിക്കെ സി പി എമ്മിലെ എക്കാലത്തെയയും പ്രായോഗികമതിയായ നേതാവ് എ കെ ഗോപാലന്റെ സഹായിയായിരുന്നുവെന്ന കാര്യവും വിസ്മരിക്കാനാവില്ല.

യെച്ചൂരിയെ കൈവിടാതെ കൂടെ നിര്‍ത്തുകയാണ് പ്രകാശ് കാരാട്ട് ഹൈദരാബാദില്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ പാര്‍ട്ടിയിലെ ഐക്യം എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് തിരിച്ചറിവിന്റെ പരിണതഫലമാണിത്. പ്രത്യയശാസ്ത്രം വഴി മാത്രമല്ല വഴികാട്ടി കൂടിയാണ്. 22 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഹൈദരാബാദില്‍ പരിസമാപ്തിയാവുമ്പോള്‍ സിപിഎമ്മിന്റെ തലപ്പത്ത് സീതാറാം യെച്ചൂരിയുണ്ടാവുമെന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രസാദാത്മകത തീര്‍ച്ചയായും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

content highlights: 22nd cpm party congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram