എവിടെയും തൊടാതെ രജനിയുടെ രാഷ്ട്രീയം


കെ.എ. ജോണി

4 min read
Read later
Print
Share

സിനിമയും രാഷ്ട്രീയവും രണ്ടാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാതെ സ്വയം ഒരു'കടങ്കഥ'യായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാഷ്ട്രീയം പറഞ്ഞിട്ടില്ല. ഒരു പ്രതിസന്ധിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ നിലനില്പുള്ളൂ.

കാലം 2004. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴകത്ത് പുതിയ രാഷ്ട്രീയസഖ്യങ്ങള്‍ വരുന്നു. 24 കൊല്ലങ്ങള്‍ക്കുശേഷം ഡി.എം.കെയും കോണ്‍ഗ്രസും ഒന്നിച്ചൊരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അപ്പുറത്ത് എ.ഐ.എ.ഡി.എം.കെ.-ബി.ജെ.പി. സഖ്യം. 'ഇന്ത്യ തിളങ്ങുന്നു' മുദ്രാവാക്യവുമായി വാജ്‌പേയി ഒരിക്കല്‍ക്കൂടി ഇന്ദ്രപ്രസ്ഥത്തിലെ അധികാരപീഠം ലക്ഷ്യമിട്ട് പടയോട്ടത്തിനിറങ്ങിയിരിക്കുന്നു. ഏതൊക്കെ വേദികളില്‍ ആരെന്നൊക്കെ വ്യക്തമായിക്കഴിഞ്ഞു.

പക്ഷേ, തമിഴകത്ത് ഒരാളുടെ നിലപാട് മാത്രം അപ്പോഴും പുറത്തു വന്നിരുന്നില്ല. ഒരാള്‍ എന്നുപറഞ്ഞാല്‍ ഇമ്മിണി വല്യ ഒരാള്‍. തമിഴ സിനിമയിലെ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍. ശിവാജി റാവു ഗെയ്ക്‌വാദ് എന്ന രജനികാന്ത്. രജനി ആരുടെ കൂടെ നില്‍ക്കും എന്ന ചോദ്യത്തിന് ഉത്തരംകിട്ടാന്‍ വലിയ താമസമുണ്ടായില്ല. ചെന്നൈയില്‍ കോടമ്പാക്കത്ത് രജനിയുടെ സ്വന്തം കല്യാണമണ്ഡപമുണ്ട്. ഇവിടെവെച്ച് രജനി പത്രസമ്മേളനം വിളിക്കുന്നു. രജനി വരുന്നുവെന്നറിഞ്ഞാല്‍ എവിടെയായാലും ആരാധകര്‍ തടിച്ചുകൂടും. രാഘവേന്ദ്ര കല്യാണമണ്ഡപത്തിനു മുന്നിലുള്ള റോഡില്‍ രജനി ഫാന്‍സുകാര്‍ തിങ്ങിക്കുടി നില്‍ക്കുകയാണ്. 'തലൈവര്‍' ആരുടെ കൂടെ നില്‍ക്കും എന്നാണവര്‍ക്കറിയേണ്ടത്. പറഞ്ഞ സമയത്തിന് ഒരു മിനിറ്റ് മുമ്പ് രജനി പത്രസമ്മേളനത്തിനെത്തി. കസേരയിലിരുന്ന ശേഷം കയ്യിലുണ്ടായിരുന്ന കടലാസെടുത്ത് വായിക്കാന്‍ തുടങ്ങി. ''ഞാന്‍ ബി.ജെ.പിക്ക് വോട്ടുചെയ്യും.'' എഴുതിത്തയ്യാറാക്കിയ പ്രസ്താവനയിലെ മുഖ്യവാചകം ഇതായിരുന്നു. പ്രസ്താവന വായിച്ച ശേഷം രജനി എഴുന്നേറ്റു. പത്രക്കാര്‍ തുരുതുരാ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. ഒന്നിനും മറുപടിയില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു എന്ന് വ്യക്തമാക്കി വന്ന വേഗത്തില്‍ രജനി സ്ഥലം വിട്ടു.

തിങ്കളാഴ്ച ചെന്നൈയില്‍ ആരാധകരെ കണ്ടപ്പോഴും രജനിയുടെ ശൈലിയില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഇപ്പോള്‍ ദൈവഹിതം ഞാന്‍ നടനായി തുടരണമെന്നാണ്. ഭാവിയില്‍ എന്താണുണ്ടാവുകയെന്നറിയില്ല. ഈ ഡയലോഗുകള്‍ മാത്രമാണ് രജനി തട്ടിവിട്ടത്. ചോദ്യങ്ങള്‍ക്ക് മറുപടി പറയുക പൊതുവെ രജനിയുടെ ശീലമല്ല. പറയാനുള്ളത് പറഞ്ഞ ശേഷം സ്ഥലം വിടുകയാണ് രജനിയുടെ പതിവ്. രജനികാന്ത് എന്ന പ്രതിഭാസത്തിന്റെ വ്യക്തിത്വത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങള്‍ ഇതിലുണ്ട്. ഒരു കടങ്കഥ യിലെ നായക പരിവേഷം നിലനിര്‍ത്താന്‍ രജനി എപ്പോഴും ആഗ്രഹിക്കുന്നു. ഒരു മാധ്യമത്തോടും ഒരു പത്രപ്രവര്‍ത്തകനോടും (പത്രപ്രവര്‍ത്തകയോടും) രജനി ഇതുവരെ ഉള്ളു തുറന്നിട്ടില്ല. മുഴുവന്‍ കാര്യങ്ങളും ഒരിക്കലും തുറന്നു പറയാതിരിക്കുക എന്ന സ്വഭാവ വിശേഷം രജനിയുടെ ഈ പത്രസമ്മേളനം ഒരിക്കല്‍ക്കൂടെ തെളിയിച്ചു.''ഞാന്‍ ബി.ജെ.പിക്ക് വോട്ടുചെയ്യും'' എന്നു പറഞ്ഞപ്പോഴും ആരാധകരോട് പരസ്യമായി ഇത്തരമൊരാഹ്വാനം നടത്താന്‍ രജനി തയ്യാറായില്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഒരിടത്തും ബി.ജെ.പിക്ക് വേണ്ടി വോട്ടു പിടിക്കാന്‍ രജനി എത്തിയതുമില്ല. തമിഴക രാഷ്ട്രീ യത്തില്‍ രജനിയുടെ സ്വാധീനം അതീവ ദുര്‍ബലമാണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു 2004 ലേത്. തമിഴ്‌നാട്ടില്‍ ഒരിടത്തു പോലും രജനി പിന്തുണച്ച ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് ജയിക്കാനായില്ല.

വ്യക്തിപരമായി രജനി എതിര്‍ത്ത പട്ടാളി മക്കള്‍ കക്ഷിയുടെഎല്ലാ സ്ഥാനാര്‍ഥികളും 2004 ല്‍ വിജയിക്കുകയും ചെയ്തു. 1996ലെ തിരഞ്ഞെടുപ്പിലാണ് രജനിയുടെ സ്വാധീനം പ്രകടമായത്. അന്ന് പക്ഷേ, ജയലളിതാ ഭരണത്തിനെതിരെ തമിഴകത്ത് അതിശക്തമായ ഒരു തരംഗം തന്നെയുണ്ടായിരുന്നുവെന്നത് വിസ്മരിക്കാനാവില്ല. രാഷ്ട്രീയം തന്റെ കളമല്ലെന്ന് രജനീകാന്ത് സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാന്‍. സിനിമയും രാഷ്ട്രീയവും രണ്ടാണ്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാതെ സ്വയം ഒരു'കടങ്കഥ'യായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാഷ്ട്രീയം പറഞ്ഞിട്ടില്ല. ഒരു പ്രതിസന്ധിയില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നവര്‍ക്കേ രാഷ്ട്രീയത്തില്‍ നിലനില്പുള്ളൂ. 1996ല്‍ രജനിക്ക് അത്തരമൊരവസരം കൈവന്നതാണ്. അന്നു പക്ഷെ, രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ രജനി തയ്യാറായില്ല.

സിനിമയില്‍ പക്ഷേ, രജനി ഒരു ബാദ്ഷ തന്നെയാണ്. 'ബാബ'യുടെ യും ലിങ്കയുടെയും കൊച്ചടയ്യാന്റെയും പരാജയങ്ങള്‍ക്ക് തമിഴ് സിനിമയുടെ സുല്‍ത്താന്‍ പദവി രജനിയില്‍നിന്ന് തട്ടിത്തെറിപ്പിക്കാനായില്ല. അഭിനയത്തില്‍ ശിവാജി ഗണേശനും കമലഹാസനും കാട്ടിയിട്ടുള്ള റേഞ്ച് രജനിയില്‍ കണ്ടിട്ടില്ല. പരീക്ഷണങ്ങള്‍ക്ക് സന്നദ്ധമായ ഒരു മനസ്സും രജനിക്കുണ്ടെന്ന് പറയാനാവില്ല. രജനിയുടെ സിനിമകള്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളാണെങ്കില്‍ വിപ്ലവകരവും പുരോഗമനപരവുമല്ലതാനും. പക്ഷേ, സാമാന്യയുക്തികള്‍ നിഷേധിക്കുന്ന എന്തോ ഒന്ന് രജനി എന്ന നടനും പ്രേക്ഷകര്‍ക്കുമിടയിലുണ്ട്. പൊതുവേദിയില്‍ തന്റെ യഥാര്‍ത്ഥ പ്രായം വെളിപ്പെടുത്തിക്കൊണ്ട ് പ്രത്യക്ഷ പ്പെടുന്നതി നുള്ള ധീരതയും രജനിക്ക് മാത്രം സ്വന്തമാണ്. മുടി കറുപ്പിക്കാതെ, വിഗ്ഗ് വെക്കാതെ നമ്മുടെ മറ്റേത് സൂപ്പര്‍ സ്റ്റാറിനാണ് പൊതുവേദിയില്‍ വരാനാവുക. രണ്ട് രജനികളെ കൃത്യമായി പ്രതിഷ്ഠിക്കാന്‍ ഇതിലൂടെ രജനിക്ക് കഴിഞ്ഞു. സിനിമയിലെ രജനിയല്ല ജീവിതത്തിലെ രജനിയെന്ന ഈ പ്രഖ്യാപനമാണ് രജനിയെ നിത്യഹരിത നായകനാക്കുന്നത്. വിപണിയെ സ്വന്തം ചൊല്‍പ്പടിക്ക് നിര്‍ത്താനായി എന്നതാണ് രജനിയുടെ വലിയൊരു സവിശേഷത. ഒരു ഉത്പന്നത്തിന്റെയും പ്രയോക്താവായി ഒരു പരസ്യത്തിലും രജനിയെ നമ്മള്‍ കണ്ടിട്ടില്ല(കമലഹാസനും ഇക്കാര്യത്തില്‍ ത്രീ ചിയേഴ്‌സ്). കാശു കിട്ടുമെങ്കില്‍ ഏതു വിഷവും വില്ക്കാന്‍ തയ്യാറാവുന്ന സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ലാത്ത നാടാണ് ഇന്ത്യയെന്നോര്‍ക്കുക.

ജയലളിത തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുകയും കലൈഞ്ജര്‍ കരുണാനിധി സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്തിരിക്കെ തമിഴക രാഷ്രടീയത്തില്‍ ഒരു യഥാര്‍ത്ഥ നേതാവിന്റെ അസാന്നിദ്ധ്യമുണ്ട്. ദേശം ഒന്നടങ്കം കാതോര്‍ക്കുന്ന ഒരു നേതാവ് ഇന്നിപ്പോള്‍ തമിഴകത്തില്ല. ഈ ശൂന്യത നികത്താന്‍ രജനിക്കാവുമെന്നാണ് ബിജെപി കരുതുന്നത്. തുഗ്‌ളക്ക് പത്രാധിപരായിരുന്ന ചോ രാമസ്വാമി രജനിയെ രാഷ്ട്രീയത്തിലിറക്കാന്‍ പതിനെട്ടടവും പയറ്റിയതാണ്. പക്‌ഷേ, രജനി വഴങ്ങിയില്ല. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി ചെന്നൈയില്‍ വീട്ടിലെത്തി രജനിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. പക്‌ഷേ, പരസ്യമായി ബി.ജെ.പിയെ വീണ്ടും പിന്തുണയ്ക്കാന്‍ രജനി മടിച്ചു.

തമിഴകത്ത് ഇന്നിപ്പോള്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ചോയ്ക്ക് ശേഷം തുഗ്‌ളക്ക് പത്രാധിപരായി സ്ഥാനമേറ്റ എസ്.ഗുരുമൂര്‍ത്തിയാണ്. 2019 ലെ ലോക്‌സഭാ തിരുഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി തമിഴകം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുമൂര്‍ത്തി കരുക്കള്‍ നീക്കുന്നത്. ഈ കളിയില്‍ രജനി കൂടെയുണ്ടെങ്കില്‍ ബി.ജെ.പിക്ക് അത് സുവര്‍ണ്ണ നേട്ടമാവും. പക്‌ഷേ, ഇപ്പോഴും ദ്രാവിഡ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള തമിഴകത്തെ പശിമരാശി മണ്ണില്‍ ബി.ജെ.പിക്കൊപ്പം നിലയുറപ്പിക്കുന്നത് എത്രകണ്ട് ഗുണകരമാവുമെന്ന സന്ദേഹം രജനിക്കുണ്ട്. മാത്രമല്ല ആത്യന്തികമായി ഒരു രാഷ്ട്രീയ നേതാവിനുള്ള സ്റ്റഫല്ല തന്റേതെന്നും രജനിക്കറിയാം. സ്വകാര്യതയ്ക്ക് വലിയ വില കല്‍പിക്കുന്നയാളാണ് രജനി. ആരാധകരോട് കൃത്യമായ അകലം പാലിക്കുന്ന വ്യക്തി. ജയലളിതയും ഇതേ പാതയാണ് പിന്തുണര്‍ന്നിരുന്നതെങ്കിലും ജനങ്ങളും ജയലളിതയും തമ്മിലുള്ള കെമിസ്ട്രി തീര്‍ത്തും വ്യത്യസ്തമായിരുന്നു. ജയലളിതയോട് ഒരു തരം വിഗ്രഹാരാധനയായിരുന്നു അനുയായികള്‍ക്ക്. ഈ ഒരു തലത്തിലേക്ക് രജനി എത്തിപ്പെടാനുള്ള സാദ്ധ്യത വിരളമാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയം ഒരു ഭാവി സാദ്ധ്യത എന്ന അനിശ്ചിതത്വത്തിനപ്പുറത്തേക്ക് സമൂര്‍ത്തമായ ഒരു തീരുമാനം രജനിയുടെ ഭാഗത്തു നിന്നുണ്ടാവാന്‍ പോവുന്നില്ല എന്നതാണ് വാസ്തവം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram