രാഷ്ട്രീയത്തിലിറങ്ങി കഴിഞ്ഞുവെന്നാണ് നടന്‍ കമല്‍ഹാസന്‍ പറയുന്നത്. കുറച്ചുകാലമായി തമിഴക രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ കമല്‍ നടത്തുന്ന ഇടപെടലുകളില്‍ ഏറെയും. രാഷ്ട്രം ഒരു സന്നിഗ്ദ്ധ ഘട്ടത്തിലൂടെ പോകുന്നുവെന്നതല്ല രാഷ്ട്രീയത്തിലിറങ്ങാന്‍ കമലിനെ പ്രേരിപ്പിച്ചതെന്ന് നാള്‍ക്കു നാള്‍ വ്യക്തമാവുകയാണ്. അധികാരത്തിന്റെ പ്രലോഭനങ്ങളാണ് കമലിനെയും ആകര്‍ഷിക്കുന്നത്. ജയലളിത ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും കമല്‍ രാഷ്ട്രീയ മോഹങ്ങള്‍ പരസ്യമാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ രജനിയെപ്പോലെ പൊയ്‌വെടികള്‍ പൊട്ടിക്കാന്‍ പോലും കമലിനായില്ല. തന്റെ സുഹൃത്താണെന്ന് കമല്‍ അവകാശപ്പെടുന്ന രജനികാന്ത് രാഷ്ട്രീയ പ്രവേശം നടത്തിയേക്കുമോയെന്ന പേടിയിലാണ് കമല്‍ ഇപ്പോള്‍ എടുത്തുചാടുന്നത്. 'ആറ്റിലേക്കച്ച്യുതാ ചാടല്ലേ, ചാടല്ലേ' എന്ന സദ്ബുദ്ധി ഉപദേശിക്കാന്‍ കമലിന്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ തയ്യാറായോ എന്നറിയില്ല.
പെരിയാര്‍ ഇ.വി. രാമസാമിയാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന കക്ഷിയാണ് കമല്‍. പെരിയാറിന്റെ ജീവിതത്തില്‍ നടന്ന രസകരമായ ഒരു സംഭവമുണ്ട്. പെരിയാറിനെ കാണാന്‍ വീട്ടില്‍ ചില അനുയായികള്‍ വന്നു. പെരിയാറിന്റെ മുറിയിലേക്ക് എത്തിയ അനുയായികള്‍ കണ്ടത് ഒരു ചെറുപ്പക്കാരന്‍ കാലിന്മേല്‍ കാലും കയറ്റിവെച്ച് പെരിയാറിനു മുന്നിലിരിക്കുന്നതാണ്. പെരിയാറിനെപ്പോലൊരു ജ്ഞാനവൃദ്ധന്റെ മുന്നില്‍ ഒരു ചെറുപ്പക്കാരന്‍ താന്തോന്നിത്തം കാണിക്കുന്നത് അനുയായികള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഈ ഇഷ്ടക്കേട് പരസ്യമായി പ്രകടിപ്പിച്ച അവരോട് പെരിയാര്‍ പറഞ്ഞ മറുപടി ചരിത്രമാണ്. ''അയാള്‍ അയാളുടെ കാല് അയാളുടെ കാലിന്മേല്‍ കയറ്റിവെയ്ക്കുന്നതുകൊണ്ട് എനിക്കെന്താണ്.'' സഹിഷ്ണുത എന്ന പരിപാടി എന്താണെന്ന് വ്യക്തമാക്കാന്‍ ഇതില്‍പരമൊരു ദൃഷ്ടാന്തം ആവശ്യമില്ല.
ധബോല്‍ക്കറും പന്‍സാരെയും കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും മുഹമ്മദ് അഖ്‌ലാക്കും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് നമ്മള്‍ ജീവിക്കുന്ന കാലത്തിന്റെ സവിശേഷമായ രാഷ്ട്രീയ കാലാവസ്ഥയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമാണ്. പക്ഷെ, 100 ദിവസങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ താന്‍ മത്സരിക്കുമെന്നും തമിഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തില്‍ കുറഞ്ഞ് മറ്റൊന്നും തന്റെ അജണ്ടയിലില്ലെന്നും പ്രഖ്യാപിക്കുന്ന കമല്‍ഹാസന്‍ ഈ പ്രശ്‌നഭരിതമേഖലകളോട് മുഖം തിരിച്ചു നില്‍ക്കുകയാണ്. പകരം ഓന്തുകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ രാഷ്ട്രീയനിറം നാള്‍ക്കുനാള്‍ മാറ്റിക്കൊണ്ടിരിക്കുന്ന കമലിനെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
തികഞ്ഞ ആശയക്കുഴപ്പമാണ് കമലിനെ നയിക്കുന്നതെന്ന് തോന്നിയേക്കാം. പക്ഷെ, യഥാര്‍ത്ഥ പ്രശ്‌നങ്ങളോട് കമല്‍ എടുക്കുന്ന സമീപനങ്ങള്‍ കമലിന്റെ രാഷ്ട്രീയം എന്താണെന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലെ വാചാടോപങ്ങളിലൂടെ കമല്‍ ആകെ ചെയ്തിരിക്കുന്നത് രജനിയുടെ രാഷ്ട്രീയ പ്രവേശത്തിന് തടയിടുകയെന്നതാണ്. രജനി രാഷ്ട്രീയത്തിലറങ്ങിയാല്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നൊരു തമാശ കഴിഞ്ഞ ദിവസം കമല്‍ പൊട്ടിക്കുകയുണ്ടായി. രജനി സൂപ്പര്‍സ്റ്റാറായതിനു ശേഷം ഒരു സിനിമയില്‍ പോലും രജനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറായിട്ടില്ലാത്ത ഒരാളാണ് ഇതു പറയുന്നതെന്നത് തമാശയെ ദുരന്തമാക്കുന്നു
കമലിന്റെ വിശ്വരൂപം എന്ന സിനിമ തിയേറ്ററില്‍ എത്താതിരിക്കാന്‍ മുന്‍മുഖ്യമന്ത്രി ജയലളിത ശ്രമിച്ചുവെന്നത് രഹസ്യമല്ല. പി. ചിദംബരം പ്രധാനമന്ത്രിയാവണമെന്ന് കമല്‍ ഒരു േേയാഗത്തില്‍ പ്രസംഗിച്ചതാണ് ജയലളിതയെ ദേഷ്യംപിടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിശ്വരൂപത്തിന്റെ കാര്യത്തില്‍ തനി മാഫിയ ശൈലിയിലാണ് ജയലളിതയും കൂട്ടരും നീങ്ങിയത്. വിശ്വരൂപം പ്രദര്‍ശിപ്പിക്കരുതെന്ന നിര്‍ദ്ദേശം തിയേറ്റര്‍ ഉടമകള്‍ക്ക് കിട്ടുന്നു. സിനിമയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളുണ്ടെന്ന് കാട്ടി ചില മുസ്ലിം സംഘടനകള്‍ രംഗത്തു വരുന്നു. മറ്റു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതുകൊണ്ട് വിശ്വരൂപം റിലീസ് ചെയ്യാന്‍ പറ്റില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നു.
കോടികള്‍ ചെലവാക്കി എടുത്ത വിശ്വരൂപം പെട്ടിയില്‍ ഇരിക്കുന്നത് കണ്ട് കമല്‍ നിസ്സഹായനും ദുഃഖിതനുമായി. ''ഞാന്‍ മറ്റൊരു നാട്ടിലേക്ക് പോകും.'' ചെന്നൈയില്‍ ആള്‍വാര്‍പെട്ടിലെ വീട്ടില്‍ കരയുന്ന മുഖഭാവത്തോടെ മാദ്ധ്യമപ്രവര്‍ത്തകരെ കണ്ട കമലിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. ഒടുവില്‍ ജയലളിതയുമായി സന്ധിക്ക് തയ്യാറായതിന് ശേഷം മാത്രമാണ് വിശ്വരൂപം തിയേറ്ററിലെത്തിയത്.
ജയലളിതയുടെ അധികാര സ്വരൂപത്തോട് ഇതിലും ഭേദമായി പ്രതികരിച്ച പാരമ്പര്യം രജനികാന്തിനുണ്ട്. തൊണ്ണൂറുകളില്‍ ജയലളിതയ്ക്കു വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുന്നത് പതിവു കാഴ്ചയായിരുന്നു. ജയലളിത പോയസ് തോട്ടത്തിലെ വീട്ടില്‍ ഒരുങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഗതാഗതം തടയുന്നതായിരുന്നു രീതി. ഒരിക്കല്‍ ഇത്തരമൊരു ഗതാഗതക്കുരുക്കില്‍ ഉള്‍പ്പെട്ട രജനി ഇതിനോട് പ്രതികരിച്ചത് കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നുകൊണ്ടായിരുന്നു. രജനിയെപ്പോലൊരാള്‍ നിരത്തിലിറങ്ങിയതോടെ ആരാധകരുടെ രോഷം അണപൊട്ടി. വന്‍ പോലീസ് സന്നാഹമെത്തിയാണ് പിന്നീട് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. 1996-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരെ സുവ്യക്തമായ നിലപാടെടുക്കാനും രജനിക്ക് കഴിഞ്ഞു.
പറഞ്ഞുവന്നത് അധികാരത്തിനെതിരെയുള്ള പോരാട്ടത്തില്‍ രജനിയുടെ പാരമ്പര്യം പോലും കമല്‍ഹാസന് അവകാശപ്പെടാനില്ലെന്നതാണ്. ജയലളിതയ്‌ക്കെതിരെ പോരാടാന്‍ മടിച്ചയാള്‍ നരേന്ദ്ര മോദിക്കെതിരെ രംഗത്തു വരുമെന്ന് കരുതാനാവില്ല. അതുകൊണ്ട് തന്നെ നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നടപടികള്‍ക്കെതിരെ കൃത്യമായ നിലപാടെടുക്കാന്‍ കമലിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് വെറുതെയാവും.
കമലിന് എം.ജി.ആറോ ജയലളിതയോ ആകാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ഭാവനാത്മകമായ മനസ്സാണ് നേതാക്കളെ സൃഷ്ടിക്കുന്നത്. സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വ്യാപകമാക്കിയ എം.ജി.ആറിനും ഒരു രൂപയ്ക്ക് ഇഡ്ഡലി നല്‍കുന്ന അമ്മാ കാന്റീനുകള്‍ തുടങ്ങിയ ജയലളിതയ്ക്കും ഒരു രൂപയ്ക്ക് ഒരു കിലോ അരി എന്ന പരിപാടി കൊണ്ടു വന്ന കരുണാനിധിക്കും ഈ ഭാവന വേണ്ടുവോളമുണ്ടായിരുന്നു. ജനങ്ങളുടെ സങ്കല്‍പ്പവും ഭാവനയും പിടിച്ചെടുക്കുക എന്നത് എളുപ്പമല്ല. അണ്ണാദുരൈക്ക് കീഴില്‍ ജനകീയതയുടെ പൊരുള്‍ പിടിച്ചെടുത്തശേഷമാണ് എം.ജി.ആര്‍. കരുണാനിധിയെ വെല്ലുവിളിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയത്. എം.ജി.ആര്‍. എന്ന ഒറ്റ നേതാവിന്റെ സ്‌കൂളില്‍ ഏറെ നാള്‍ അഭ്യസിച്ചതിനു ശേഷമാണ് ജയലളിതയും കരുണാനിധിയെ നേരിട്ടത്.
അടുത്തിടെ കമല്‍ കണ്ട രണ്ട് നേതാക്കള്‍ പിണറായി വിജയനും അരവിന്ദ് കെജ്‌രിവാളുമാണ്. ഇവര്‍ രണ്ടുപേരും കൃത്യമായ നേതൃശേഷി തെളിയിച്ചിട്ടുള്ളവരാണ്. നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ നേര്‍ക്കു നേര്‍ പോരാടാന്‍ തയ്യാറായ കക്ഷിയാണ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ സുശക്തമായ ഒരു ജനകീയ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയാണ് കെജ്‌രിവാള്‍ അധികാരം പിടിച്ചത്. പുതിയൊരു പാര്‍ട്ടിക്ക് രൂപം നല്‍കി ഒരു ജനതയുടെ ഭാവന എങ്ങിനെയാണ് പിടിച്ചെടുക്കേണ്ടതെന്നതിന് കെജ്‌രിവാളിനെപ്പേിലെ മറ്റൊരു മാതൃക സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല. 1983-ല്‍ എന്‍.ടി. രാമറാവു ആന്ധ്രയില്‍ കാണിച്ച മാജിക്കാണ് ഒരര്‍ത്ഥത്തില്‍ കെജ്‌രിവാള്‍ ഡെല്‍ഹിയില്‍ പുറത്തെടുത്ത്.
നിലപാടുകള്‍ എടുക്കേണ്ടപ്പോള്‍ എടുക്കണമെന്നത് രാഷ്ട്രീയത്തില്‍ പരമപ്രധാനമാണ്. ഈ പാഠം മറന്നുകൊണ്ട് കമല്‍ഹാസന്‍ തമിഴക മുഖ്യമന്ത്രി പദം സ്വപ്‌നം കാണുമ്പോള്‍ അത് സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തെ വല്ലാതെ ദരിദ്രമാക്കുന്നുണ്ട്.