ഇന്ത്യയില്‍നിന്നുള്ള സ്വാതന്ത്ര്യമല്ല;ഇന്ത്യക്കകത്തെ അനീതികളില്‍നിന്നാണ് സ്വാതന്ത്ര്യം വേണ്ടത്-കനയ്യ


By ഡോ.എബി പി.ജോയി

3 min read
Read later
Print
Share

എപ്പോഴും ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും നിഷ്‌ക്കളങ്കമായ ചിരിയോടെ ചുവപ്പുവഴിയില്‍ നടക്കുന്നവന്‍.

നല്‍വഴികള്‍ കടന്നെത്തിയവനാണ് കനയ്യ. മൂന്നു പ്രമുഖ വിദ്യാര്‍ത്ഥി സംഘടനകളെ പിന്തള്ളി ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥിയൂണിയന്‍ പ്രസിഡന്റായ ആള്‍. രാജ്യദ്രോഹക്കുറ്റവും ഗുരുതരമായ ഗൂഢാലോചനയും ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ടയാള്‍. യുവതയെ ആകര്‍ഷിക്കുന്ന സമരനായകന്‍. ജീവിതം തന്നെ പോരാട്ടമെന്നു കരുതി മുന്നോട്ടു പോകുന്ന മുപ്പത്തിരണ്ടുകാരന്‍. എപ്പോഴും ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും നിഷ്‌ക്കളങ്കമായ ചിരിയോടെ ചുവപ്പുവഴിയില്‍ നടക്കുന്നവന്‍...

ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യക്കകത്തെ അനീതികളില്‍നിന്നും ദുഷിച്ച വ്യവസ്ഥിതികളില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടത്. സാധാരണക്കാരുടെയും കര്‍ഷകരുടെയും ദലിതരുടെയും ശബ്ദം ഭരണാധികാരികള്‍ കേള്‍ക്കാത്തിടത്തോളം ഈ സ്വാതന്ത്ര്യപ്പോരാട്ടം തുടരുകയും ചെയ്യും - ഇപ്റ്റയുടെ ആഭിമുഖ്യത്തിലുള്ള കൈഫി ആസ്മി ജന്മശതാബ്ദി ആഘോഷത്തിനെത്തിയ കനയ്യകുമാര്‍ സംസാരിക്കുന്നു...

? ഒരു വിപ്ലവകാരി എങ്ങനെയായിരിക്കണമെന്നാണ് സങ്കല്പം ?


ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട് - നിങ്ങള്‍ പറയുന്നതെന്തോ അതല്ല സത്യം. നിങ്ങള്‍ നിരന്തരം പ്രവര്‍ത്തിക്കുന്നതെന്തോ അതാണ് സത്യം. യഥാര്‍ത്ഥ വിപ്ലവകാരിയുടെ പ്രവൃത്തി അവന്റെ വാക്കുകള്‍ പോലെ തന്നെയായിരിക്കും. അയാള്‍ എല്ലാത്തരം ചൂഷണത്തെയും വെറുക്കും, ചെറുക്കും. അസമത്വത്തെയയും അസ്വാതന്ത്ര്യത്തെയും തോല്പിക്കാന്‍ എപ്പോഴും പൊരുതിക്കൊണ്ടേയിരിക്കും.

? വിപ്ലവകാരികള്‍ സ്വപ്നം കാണുന്നവരാണ്. കനയ്യയുടെ സ്വപ്നം ?

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിയതെല്ലാം യാഥാര്‍ത്ഥ്യമാവുന്ന ദിവസം. പരമാധികാര സ്വതന്ത്ര റിപ്പബ്ലിക്കാവുന്ന രാഷ്ട്രം. അവിടെ നീതിയും സമത്വവും ഉണ്ടാവും. ഓരോ പൗരനും അവരുടെ അവകാശങ്ങള്‍ ലഭ്യമാവും. വിവേചനമേതുമില്ലാതെ ഓരോരുത്തരും മനോഹരമായ രാഷ്ട്രത്തിനുവേണ്ടി പ്രയത്നിക്കും.

? ഇടത് ഓരം ചേര്‍ന്ന ഈ യാത്രയുടെ തുടക്കം ?

ഞാന്‍ ജനിച്ച ബീഹാറിലെ ബെഗുസരായി ജില്ല സി.പി.ഐക്ക് നല്ല സ്വാധീനമുള്ള സ്ഥലമാണ് . മിനി മോസ്‌ക്കോ എന്നാണ് അറിയപ്പെടുന്നത്. സ്‌ക്കൂളില്‍ മുതല്‍ ഞാന്‍ സാംസ്‌ക്കാരിക പരിപാടികളില്‍ പങ്കെടുക്കുമായിരുന്നു. അങ്ങനെ പഠനത്തോടൊപ്പം ഇപ്റ്റയില്‍ പ്രവര്‍ത്തിച്ചു. അതാണ് ഇടതുപക്ഷമാവാന്‍ പ്രേരണയായത്. ജെ.എന്‍.യുവാണ് എന്നെ ഇടതുചേരിയിലെത്തിച്ചതെന്ന് കരുതുന്നവരാണ് ഏറെയും. എന്നാല്‍ എ.ഐ.എസ്.എഫില്‍ വരും മുമ്പേ തന്നെ എന്നില്‍ ഇടതുക്ഷ ആദര്‍ശങ്ങളും ആശയങ്ങളും വേരുറച്ചിരുന്നു. അവിടെ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയെന്നു മാത്രം. ഗവണ്‍മെന്റ് എല്ലാ സന്നാഹങ്ങളോടെയും ഞങ്ങളെ എതിര്‍ത്തു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഒറ്റക്ക് പ്രതിരോധിക്കുന്ന പ്രതിപക്ഷമായി.

? സ്വാധീനിച്ച വ്യക്തികള്‍ ?

ഭഗത് സിംഗ്, ഡോ. ബി.ആര്‍.അംബേദ്കര്‍, ബിര്‍സ മുണ്ട, ഫൂലേ, സി.കെ. ചന്ദ്രപ്പന്‍, പി.സി.ജോഷി, ഇ.എം.എസ്. ഇവരുടെ പ്രവര്‍ത്തനവും എഴുത്തും സ്വാധീനിച്ചിട്ടുണ്ട്.

? ലിസ്റ്റില്‍ ചെ ഗുവേരെയെ കണ്ടില്ലല്ലോ ?

ബഹുജനങ്ങള്‍ക്കു വേണ്ടിയുള്ള സമര്‍പ്പിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ത്യാഗമില്ലാതെ വിപ്ലവമില്ലെന്ന് അദ്ദേഹത്തില്‍ നിന്നു നാം പഠിക്കുന്നു. തന്റെ ലക്ഷ്യത്തിനായി യുവത്വം ഹോമിച്ച വ്യക്തിയാണ് ചെ.

? മഹാത്മാഗാന്ധിയെക്കുറിച്ച് എന്താണഭിപ്രായം ?

ഗാന്ധിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാവുന്ന കാലമാണിത്. അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നു വരെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നു. എന്റെ അഭിപ്രായത്തില്‍, ഗാന്ധിയുടെ ഉദ്ദേശ്യശുദ്ധിയെ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ക്കു പോലും ചോദ്യം ചെയ്യാനാവില്ല. വിയോജിപ്പുകളോടു പോലും യോജിക്കാന്‍ സഹിഷ്ണുത കാണിച്ച മഹാനായ ജനനേതാവ്. ഈ രാജ്യത്തെ അദ്ദേഹം ഒരുമിപ്പിച്ചു. ആസേതുഹിമാചലം. ലാളിത്യത്തോടെയും എല്ലാകാര്യങ്ങളിലും തന്ത്രപരമായും രാഷ്ട്രീയ കുശാഗ്രബുദ്ധിയോടെയുമുള്ള സമീപനമായിരുന്നു ഗാന്ധിയുടേത്. ഇപ്പോള്‍ ആര്‍.എസ്.എസ്. ഗാന്ധിയെ പുകഴ്ത്തുന്നത് കാപട്യമാണ്. ഇതുകൊണ്ടൊന്നും അവര്‍ക്ക് ഗാന്ധിവധത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകാനാവില്ല. സാധാരണക്കാര്‍ ഗാന്ധിയില്‍ ആകൃഷ്ടരാവുന്നതില്‍ അന്നുമിന്നും ആര്‍.എസ്.എസ്. അസ്വസ്ഥരാണ്.

? തിരഞ്ഞെടുപ്പ് അനുഭവം ?

തിരഞ്ഞെടുപ്പും ഒരു പോരാട്ട അവസരമാണ്. എന്നെപ്പോലെ ഒരു സാധാരണ അങ്കണവാടി വര്‍ക്കറിന്റെ മകന് സ്ഥാനാര്‍ത്ഥിയാവാന്‍ കഴിയുന്നതു തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെയും മതാധിപത്യത്തിന്റെയും ഇക്കാലത്തുപോലും പാര്‍ലമെന്ററി ജനാധിപത്യത്തിന് പ്രസക്തിയുണ്ട്. അതിനൊരു ബദല്‍ ഉണ്ടാകുന്നതു വരെയെങ്കിലും. പൊരുതുക, പോരാട്ടം തുടരുക. അതാണ് പ്രധാനം. ജയിച്ചാലും ഇല്ലെങ്കിലും.

? കേരളത്തിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് എന്തു സന്ദേശം നല്കും ?

കേരളീയര്‍ ഞങ്ങളേക്കാള്‍ പ്രബുദ്ധരാണ്.കേരളത്തിനു സന്ദേശം നല്കാന്‍ ഞാന്‍ പ്രാപ്തനല്ല. കേരളം നല്കുന്ന സന്ദേശങ്ങള്‍ രാജ്യം ഉള്‍ക്കൊള്ളുകയാണ് വേണ്ടത് ചെങ്കതിരിന്റെ നന്മയും കരുത്തും യഥാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നവര്‍ കേരളത്തിലാണുള്ളത്. ഇവിടെയും വിവിധ മതാധിഷ്ഠിത-വര്‍ഗ്ഗീയ പ്രസ്ഥാനങ്ങള്‍ വേരുറപ്പിക്കുന്നതില്‍ എനിക്ക് ആശങ്കയുണ്ട്. വിദ്യാര്‍ത്ഥികളോട് പറയാനുള്ളത് ഞങ്ങളുടെ സംഘടനയുടെ മുദ്രാവാക്യമാണ്- പഠിക്കുക, പോരാടുക.

? സ്ത്രീകള്‍ ഭാഗ്യവതികളാവുന്ന നാലുകാര്യങ്ങള്‍ പറയുമ്പോള്‍ ഹെസ്സേ, വിപ്ലവകാരിയുടെ കാമുകിയെ അതിലുള്‍പ്പെടുത്തുന്നു. ഈ മനസ്സില്‍ അങ്ങനെ ആരെങ്കിലും ഇടം പിടിച്ചിട്ടുണ്ടോ ?

ഇല്ല. പ്രണയം രാഷ്ട്രത്തോട്, മാനുഷികതയോട്. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ടിട്ടും എന്നെ വെറുക്കാത്ത ജനസമൂഹത്തോട്. എല്ലാം സ്വകാര്യവത്ക്കരിക്കപ്പെടുന്ന ഒരു രാജ്യത്ത്, സ്വകാര്യജീവിതമെന്നൊന്ന് വേണ്ടെന്ന് വയ്ക്കുന്നതല്ലേ ബുദ്ധി? ഞാന്‍ പോയിട്ടില്ലാത്ത നാടുകളില്‍ നിന്നു പോലും അടിസ്ഥാനരഹിതമായ എഫ്.ഐ.ആറുകള്‍ കിട്ടുന്ന, ഒരു പാസ്‌പോര്‍ട്ട്‌ പോലും എടുക്കാനാവാത്ത, സങ്കല്പിക്കാത്ത കാര്യങ്ങള്‍ക്ക് കുറ്റപത്രം കിട്ടുന്ന ഒരാളുടെ സഹനത്തിലേക്ക് മറ്റുള്ളവരെക്കൂടി വലിച്ചിഴയ്ക്കുന്നത് ശരിയുമല്ല.

? സ്വജീവനു ഭീഷണിയുള്ള ഒരാള്‍ ഇത്ര നിര്‍ഭയനായിരിക്കുന്നതെങ്ങനെ ?

കൊല്ലന്നെങ്കില്‍ കൊല്ലട്ടെ എന്ന വിചാരമുള്ളതു കൊണ്ട്. രോഹിത് വെമൂലയെ വധിച്ചില്ലേ? എന്നിട്ടെന്താ, വീണ്ടും വെമൂലമാര്‍ ഉയര്‍ന്നുവരും. എനിക്കു ശേഷവും വേറെ ആരെങ്കിലും എന്നെപ്പോലെ പ്രവര്‍ത്തിക്കും. വ്യക്തിക്കല്ല പ്രാധാന്യം. ആശയങ്ങള്‍ക്കാണ്.

? വിനോദങ്ങള്‍ ?

വായന, എഴുത്ത്, യാത്ര. ജീവിതം തന്നെ നിരന്തര സമരമാവുമ്പോള്‍ മറ്റു ഹോബികള്‍ക്ക് പ്രസക്തയില്ല, സമയവും.

? ജീവിതത്തോടുള്ള സമീപനം ?

കീഴടങ്ങുക അല്ലെങ്കില്‍ പോരടിക്കുക. ഇതില്‍ രണ്ടാമത്തേതാണ് എന്റെ വഴി. അനീതികളോട് സമരസപ്പെടാന്‍ എനിക്കാവില്ല. അപ്പോള്‍ ഞാന്‍ എന്നാലാവുംവിധം എപ്പോഴും അതിനോട് മല്ലിട്ടുകൊണ്ടിരിക്കും. ഈ ആശയം എല്ലാവരോടും പറയും.

? കനയ്യ എന്ന വാക്കിന്റെ അര്‍ത്ഥം ?

എല്ലാവരെയും തന്നിലേക്ക് സ്നേഹപൂര്‍വ്വം ആകര്‍ഷിക്കുന്നവന്‍ എന്നര്‍ത്ഥം. ശ്രീകൃഷ്ണന്റെ പര്യായമാണ്.

ജീവിതരേഖ

ബീഹാറില്‍ ബറൗണിക്കടുത്തുള്ള ബിഹാട്ട് ഗ്രാമത്തില്‍ ജനനം. ജയ്ശങ്കര്‍ സിംഗിന്റെയും മീനാദേവിയുടെയും മകന്‍. ആഫ്രിക്കന്‍ പഠനത്തില്‍ ജെ.എന്‍.യു.വില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗമാണ്. ബിഹാര്‍ ടു തിഹാര്‍ - എന്റെ രാഷ്ട്രീയ യാത്ര എന്ന് ആത്മകഥ.രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

Content Highlights: It is not freedom from India but freedom from injustice within India, says Kanhaiya kumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram