കൊലക്കേസില്‍ ജയിലില്‍ കിടന്ന് മത്സരിച്ച് ജയിച്ചുതുടങ്ങിയതാണ് അധീര്‍ രഞ്ജന്‍ ചൗധരി എന്ന ബംഗാള്‍ കോണ്‍ഗ്രസിലെ ഒറ്റയാന്റെ പോരാട്ടം. അതിനും മുമ്പ് തെരുവു ഗുണ്ടയായി മുര്‍ഷിദാബാദിന്റെ തെരുവിനെ വിറപ്പിച്ച ചരിത്രമുണ്ട് അധീറിന്. മാവോയിസത്തിലായിരുന്നു ആദ്യം കമ്പം. അങ്ങനെയാണ് ആദ്യം ജയില്‍ വാസം അനുഭവിച്ചത്. പിന്നെ ഫോര്‍വേഡ് ബ്ലോക്കിലൂടെ സഞ്ചരിച്ച് സിഐടിയുവില്‍ എത്തി. അവിടെ നിന്ന് കോണ്‍ഗ്രസിന്റെ ശബ്ദമായി വളര്‍ന്ന രാഷ്ട്രീയ പ്രതിഭാസമാണ് അധീര്‍.
ലോക്‌സഭയില്‍ നായകനായി കോണ്‍ഗ്രസ് കണ്ടെത്തിയത് മോദിയുടെ വിശേഷണം കടമെടുത്താല്‍ ഒരു 'പോരാളി'യെ തന്നെയാണ്. തട്ടകമായ മുര്‍ഷിദാബാദില്‍ റോബിന്‍ ഹുഡ് പരിവേഷമാണ് അധീറിനുള്ളത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി. 80 കളുടെ അവസാനം ബഹറാംപൂര്‍ മുനിസിപ്പല്‍ ചെയര്‍മാനായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളിലൂടെയും സ്ത്രീ സുരക്ഷ ഉറപ്പാക്കിയും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി വളര്‍ന്നു.
1991 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കോണ്‍ഗ്രസ് നബാഗ്രാമില്‍ അധീറിനെ സ്ഥാനാര്‍ഥിയാക്കിയത്. അതും കോണ്‍ഗ്രസിലെത്തി അധികം കഴിയും മുമ്പ്. സിപിഎമ്മിന്റെ ഉരുക്കുകോട്ടയിലായിരുന്നു അങ്കം. ഭയം പണ്ടേയില്ല കക്ഷിക്ക്. തിരഞ്ഞെടുപ്പ് വേളയില്‍ 300 ഓളം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ അധീറിനെ പിന്തുടര്‍ന്നെത്തി പ്രിസൈഡിങ് ഓഫീസറെ തോക്ക് ചൂണ്ടി ബന്ദിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഫലം വന്നപ്പോള്‍ ചെറിയ ഭൂരിപക്ഷത്തില്‍ തോറ്റു. പരാജയപ്പെട്ടെങ്കിലും സിപിഎം മേധാവിത്വത്തെ കൂസാത്ത പ്രകൃതവും സംഘടനാപാടവവും മസില്‍ പവറും കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ക്കിടയില്‍ അധീറിനെ പ്രിയങ്കരനാക്കി. 96 ലെ തിരഞ്ഞെടുപ്പ് വേളയില്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ അധീര്‍ അഴിക്കുള്ളിലായിരുന്നു. ജയിലില്‍ കിടന്നുകൊണ്ട് മത്സരിച്ചു. അതേ നബാഗ്രാമില്‍ നിന്ന് 20,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.
അന്ന് ജയിലില്‍ വച്ച് പ്രസംഗങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചാരണവേളയില്‍ കേള്‍പ്പിച്ചതും ചരിത്രം. അധീറിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെ അന്ന് കോണ്‍ഗ്രസിന്റെ ശബ്ദാമായിരുന്ന മമത ശക്തിയുക്തം എതിര്‍ത്തു. അതിനെതിരായ പ്രതിഷേധത്തിന്റെ ചൂട് മമതയും അറിഞ്ഞു.
1999 ലാണ് ബഹറാംപൂരില്‍ ലോക്‌സഭയിലേക്ക് കന്നി അങ്കത്തിനിറങ്ങിയത്. പിന്നെ ഓരോതവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ചുകൊണ്ടേയിരുന്നു. 1956 ന് ശേഷം കോണ്‍ഗ്രസ് ജയിച്ചിട്ടില്ലാത്ത ബഹറാംപൂരിലാണ് അധീര്‍ വിജയക്കൊടി പാറിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ 80,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
രാജ്യസഭ വഴി ഡല്‍ഹിക്ക് വണ്ടി പിടിച്ചിരുന്ന പ്രണബ് മുഖര്‍ജിയെ മുര്‍ഷിദാബാദ് ജില്ലയില്‍ ഉള്‍പ്പെടുന്ന ജംഗിപ്പൂരില്‍ നിന്ന് മത്സരിക്കാന്‍ നിര്‍ബന്ധിച്ചതും വിജയത്തിന് പിന്നണിയില്‍ കരുക്കള്‍ നീക്കിയതും അധീറായിരുന്നു. 2005 ല്‍ ഇരട്ടക്കൊലക്കേസില്‍ വീണ്ടും ജയിലിലായി.
2012 ല്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രിയായി. 2014 ലാണ് പിസിസി അധ്യക്ഷനായി പാര്‍ട്ടി നിയോഗിച്ചത്. കഴിഞ്ഞ സപ്തംബര്‍ വരെ ആ പദവിയില്‍ തുടര്‍ന്നു. മമതയുമായി സഖ്യമുണ്ടാക്കുന്നതിനെ ശക്തിയുക്തം എതിര്‍ത്ത നേതാവാണ് അധീര്‍. 2016 ലെ നിയസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യപ്രതിപക്ഷമായി മാറിയത് ഇടതുമായുണ്ടാക്കിയ സഖ്യത്തിന്റെ ബലത്തിലാണ്. ആ തിരഞ്ഞെടുപ്പില്‍ ബഹറാംപൂര്‍ മണ്ഡലത്തില്‍ പെടുന്ന ഏഴ് നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. അധീറിന്റെ സ്വാധീനം തിരിച്ചറിയാന്‍ ഇതില്‍ കൂടുതല്‍ ഉദാഹരണം വേറെ വേണ്ട.
അധീറിനെ തോളില്‍ തട്ടി പോരാളി എന്ന് മോദി വിശേഷിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സോണിയ അദ്ദേഹത്തെ പുതിയ പദവിയിലേക്ക് തിരഞ്ഞെടുത്തത്. മമതയ്‌ക്കെതിരായ വിശ്രമമില്ലാത്ത പോരാട്ടം കണ്ടാണ് മോദി സര്‍വകക്ഷി യോഗത്തിന് എത്തിയപ്പോള്‍ പോരാളി എന്ന് അധീറിനെ വിശേഷിപ്പിച്ചത്. ഇനി അധീര്‍ പോരാട്ടം നയിക്കേണ്ടതും പാര്‍ലമെന്റില്‍ മോദിക്കെതിരെയുമാണ്.
മാള്‍ഡ സിംഹം ഗനിഖാന്‍ ചൗധരിക്ക് ശേഷം ബംഗാളില്‍ കോണ്‍ഗ്രസിന്റെ തോണി ഏറക്കുറേ ഒറ്റയ്ക്ക് തുഴയുകയായിരുന്നു അധീര്‍. എല്ലാ അര്‍ഥത്തിലും മുര്‍ഷിദാബാദാണ് കോണ്‍ഗ്രസിന്റെ ബംഗാളിലെ അവസാന തുരുത്ത്. അതിന്റെ കപ്പിത്താനായും കോണ്‍ഗ്രസ് പതാക താഴാതെ സൂക്ഷിക്കുന്നതും മറ്റാരുമല്ല. കല്യാണമായാലും, മരണവീടായാലും, പ്രളയമായാലും, ദുരന്തമായാലും വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന നേതാവ്. മുര്‍ഷിദാബാദിന്റെ നവാബ് എന്നും ജനം അദ്ദേഹത്തെ വിളിക്കുന്നു.
പിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത് മുതല്‍ അധീര്‍ അല്‍പം നീരസത്തിലായിരുന്നു. തൃണമൂലില്‍ നിന്ന് മുകുള്‍ റോയിയെ അടര്‍ത്തിയ ബിജെപി 2022ലെ പദ്ധതിക്കായി അധീറിനെയും നോട്ടമിട്ടിരുന്നു. അതും കൂടി തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത തീരുമാനം.
അപ്പോഴും ഗാന്ധി കുടുംബത്തോടുള്ള വിശ്വസ്തതയും കൂറും മാത്രം പദവികള്‍ സമ്മാനിക്കുന്ന ഹൈക്കമാന്‍ഡ് എങ്ങനെ അധീര്‍ രഞ്ജന്‍ ചൗധരി എന്ന ഒറ്റയാനെ നേതാവാക്കി എന്നത് രാഷ്ട്രീയ നിരീക്ഷകര്‍ക്കും അത്ഭുതമായി തോന്നാം. ശീലങ്ങള്‍ തെറ്റിക്കുകയാണോ കോണ്‍ഗ്രസും ഹൈക്കമാന്‍ഡും. അതോ ഹൈക്കമാന്‍ഡിന് ഉള്‍വിളിയുണ്ടായതാണോ.
Content Highlights: Adhir Ranjan Chowdhury, street fighter to Congress leader in Lok Sabha