മുത്തലാഖ് ചര്‍ച്ച: പി.വി. അബ്ദുള്‍വഹാബിന്റേത് വലിയ തെറ്റാണെന്ന് പാണക്കാട് മൊയീന്‍ അലി തങ്ങള്‍


പാണക്കാട് മൊയീന്‍ അലി തങ്ങളുടെ അഭിപ്രായപ്രകടനത്തിന് മറ്റുനേതാക്കളുടെ പിന്തുണയില്ലെന്നാണ് സൂചന.

കോഴിക്കോട്: മുത്തലാഖ് ചര്‍ച്ചയില്‍ പി.വി. അബ്ദുള്‍വഹാബ് എം.പി. ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങള്‍. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തവര്‍ മാറിനില്‍ക്കണമെന്നും അത്തരം ദൗത്യങ്ങള്‍ നിറവേറ്റാന്‍ ശേഷിയുള്ളവര്‍ ലീഗിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി.വി. അബ്ദുള്‍വഹാബിന്റേത് വലിയ തെറ്റാണ്. അദ്ദേഹത്തിന് പ്രയാസമുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി മാറിനില്‍ക്കണമെന്നും അത് മാതൃകയാകുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പാണക്കാട് മൊയീന്‍ അലി തങ്ങളുടെ അഭിപ്രായപ്രകടനത്തിന് മറ്റുനേതാക്കളുടെ പിന്തുണയില്ലെന്നാണ് സൂചന.

രാജ്യസഭയില്‍ മുത്തലാഖ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുസ്ലീംലീഗിന്റെ ഏക എം.പി.യായ പി.വി. അബ്ദുള്‍വഹാബിന് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. പ്രസംഗിക്കാന്‍ പേര് വിളിച്ചപ്പോള്‍ അദ്ദേഹം സഭയില്‍ ഇല്ലാതിരുന്നതാണ് അവസരം ലഭിക്കാതിരിക്കാന്‍ കാരണമായത്. തുടര്‍ന്ന് സഭയില്‍ ഏറെ വൈകിയെത്തിയ പി.വി. അബ്ദുള്‍ വഹാബ് സഭാ അധ്യക്ഷനെ സമീപിച്ചെങ്കിലും സംസാരിക്കാന്‍ അനുവദിച്ചില്ല. മുത്തലാഖ് ബില്ലിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെ പി.വി. അബ്ദുള്‍ വഹാബ് സഭയില്‍നിന്ന് ഏറെനേരം വിട്ടുനിന്നിരുന്നു. ഇതിനെതിരെ മുസ്ലീംലീഗിലും യൂത്ത് ലീഗിലും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.

Content Highlights: youth league vice president panakkad moheen ali shihab thangal against pv abdul wahab mp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram