മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിയിലേക്ക് ലോങ്ങ് മാര്‍ച്ച് നടത്തിയത്.
മലപ്പുറം വളാഞ്ചേരിയിലുള്ള കെ.ടി ജലീലിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് നേതാക്കളെത്തി പ്രവര്‍ത്തകരെ തടഞ്ഞു. നൂറു കണക്കിന് പ്രവര്‍ത്തകരാണ് 18 കിലോമീറ്റര്‍ നീണ്ട ലോങ്ങ് മാര്‍ച്ചില്‍ പങ്കെടുത്തത്.
മന്ത്രി കെ.ടി ജലീലിന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും കഴിഞ്ഞ ഒരുമാസമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിവരികയാണ്. ഇത് ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായാണ് ലോങ്ങ് മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസുകാര്‍ എന്റെ വീട് കൊണ്ടുപോകട്ടെയെന്നാണ് ലോങ്ങ് മാര്‍ച്ചിനോട് മന്ത്രി പ്രതികരിച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥനും കെ.ടി ജലീലിന്റെ ബന്ധുവുമായ കെ.ടി. അദീപിനെ നിയമിച്ചത് യോഗ്യതയും മാനദണ്ഡങ്ങളും ലംഘിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെ അദീപ് രാജിവെച്ചു.
Content Highlight: nepotism;youth congress long march against minister kt jaleel's home